2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) കത്തയച്ചു. 2036-ലെ ഒളിമ്പിക്‌സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ താൽപ്പര്യമുണ്ടെന്നറിയിച്ചാണ് കത്ത് അയച്ചിരിക്കുന്നത്.
2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിൽ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇക്കാര്യത്തിൽ സന്നദ്ധത അറിയിച്ച് ഐഒഎ ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്.
1982 ഏഷ്യൻ ഗെയിംസ്, 2010 കോമൺവെൽത്ത് ഗെയിംസ് എന്നിവയാണ് ഇന്ത്യയിൽ നടന്ന പ്രധാന ചാമ്പ്യൻഷിപ്പുകൾ. മെക്സിക്കോ (മെക്സിക്കോ സിറ്റി), ഇൻഡൊനീഷ്യ (നുസന്താര), തുർക്കി (ഇസ്‌താംബുൾ), പോളണ്ട് (വാർസോ, ക്രാക്കോ), ഈജിപ്‌ത്, ദക്ഷിണ കൊറിയ (സിയോൾ- ഇഞ്ചിയോൺ) എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പുറമെ ഒളിമ്പിക്സിന് വേദിയാകാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്.