ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തകർത്ത് ഫൈനലിൽ കടന്ന് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ 51 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. 70 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ എട്ടു വിക്കറ്റ് വിജയം. നാളെ (തിങ്കളാഴ്ച) രാവിലെ 11.30-നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ – ശ്രീലങ്ക മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലിൽ നാളെ നേരിടുക.
ഇന്ത്യയ്ക്കായി പൂജ വസ്ത്രകാർ നാല് വിക്കറ്റുകൾ വീഴ്ത്തി. ടിറ്റസ് സാധു, അമൻജ്യോത് കൗർ, രാജേശ്വരി ഗെയ്ക്വാദ്, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സ്മൃതി മന്ഥനയെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. 12 പന്തിൽ ഏഴ് റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ഓപ്പണർ ഷെഫാലി വർമയും (21 പന്തിൽ 17), ജെമീമ റോഡിഗ്രസും (15 പന്തിൽ 20) ചേർന്നതോടെ ഇന്ത്യ വിജയത്തിലേയ്ക്കടുത്തു. മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിനായി കളത്തിൽ ഇറങ്ങിയില്ല.
തുടക്കം മുതൽ ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ബംഗ്ലാദേശിനായില്ല. 17 പന്തിൽ 12 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ടീമിൽ രണ്ടക്കം കടന്ന ഏകബാറ്ററും നിഗർ സുൽത്താനയാണ്. ബംഗ്ലാദേശ് ടീം ഇന്നിങ്സിൽ ആകെ നേടിയത് നാല് ഫോറുകൾ മാത്രമാണ്.