ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലി, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവരെല്ലാം ഇടംനേടി. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് ടീമിലെ ഏക പുതുമുഖം. അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്.
ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കിടെ അവധി ആവശ്യപ്പെട്ട ഇഷാൻ കിഷന് പകരമായാണ് ജുറെലിനെ ടീമിലേക്ക് പരിഗണിച്ചത്. ജസ്പ്രീത് ബുംറയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. രാഹുലിനെ കൂടാതെ കെ.എസ് ഭരതും ധ്രുവ് ജുറെലുമാണ് വിക്കറ്റ് കീപ്പർമാർ. ജനുവരി 25-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടാം മത്സരവും അരങ്ങേറും.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, കെ.എസ് ഭരത്, ധ്രുവ് ജുറെൽ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.