നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിന്റെ തീയതി മാറ്റാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. ഒക്ടോബർ 15-ന് അഹമ്മദാബാദിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നവരാത്രി പ്രമാണിച്ച് മത്സരത്തിന്റെ തീയതി മാറ്റിയേക്കുമെന്നാണ് സൂചന.
നിലവിലെ തിയതി അനുസരിച്ച് നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനത്തിലാണ് മത്സരം നടത്തപ്പെടുക. അതിനാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി സുരക്ഷാ ഏജൻസികൾ മത്സരത്തിന്റെ തീയതി മാറ്റാൻ ബിസിസിഐയോട് നിർദേശിച്ചതായാണ് റിപ്പോർട്ട്. നവരാത്രി ഗുജറാത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായതിനാൽ നഗരത്തിലെ തിരക്ക് കണക്കിലെടുത്താണ് സുരക്ഷാ ഏജൻസികൾ ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്.
എന്നാൽ തീയതി മാറ്റിയാൽ നേരത്തേ ടിക്കറ്റും താമസൗകര്യവും ബുക്ക് ചെയ്ത ആരാധകർക്ക് വൻ തിരിച്ചടിയാകും. നഗരത്തിലെ ഹോട്ടലുകൾ പലതും നേരത്തേ തന്നെ ആരാധകർ ബുക്ക് ചെയ്തതായാണ് വിവരം. മത്സരം നിശ്ചയിച്ചതിന് പിന്നാലെ വിമാന ടിക്കറ്റ് വിലയും ഹോട്ടൽ മുറി വാടകയും ഇരട്ടിയിലധികമായി വർധിപ്പിച്ചിരുന്നു. എന്നിട്ടും ആരാധകർ ആ തുകയ്ക്കാണ് ഇവ ബുക്ക് ചെയ്തിരുന്നത്.