ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ ടി20 ലോകകപ്പ് നിയന്ത്രിക്കാൻ വനിതകള്‍. അടുത്തമാസം നടക്കുന്ന വനിതകളുടെ ട്വൻ്റി 20 ക്രിക്കറ്റ് ലോകകപ്പാണ് വനിതകൾ തന്നെ നിയന്ത്രിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐ.സി.സി പ്രഖ്യാപിച്ച 10 അമ്പയർമാരും മൂന്ന് മാച്ച് റഫറിമാരും വനിതകളാണ്. ഒക്ടോബർ മൂന്ന് മുതൽ യുഎഇയിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഇന്ത്യയിൽ നിന്ന് അമ്പയറുടെ പട്ടികയിൽ വൃന്ദാ രതിയും മാച്ച് റഫറിയായി ജി.എസ്. ലക്ഷ്മിയുമുണ്ട്. ഓസ്ട്രേലിയക്കാരിയായ ക്ലെയർ പൊളോസാക്കാണ് പട്ടികയിലെ ഏറ്റവും പരിചയസമ്പന്നയായ അമ്പയർ. പൊളോസാക്കിൻ്റെ അഞ്ചാം ലോകകപ്പാണിത്. നാല് ലോകകപ്പുകൾ വീതം നിയന്ത്രിച്ച രണ്ടുപേർ ഇക്കൂട്ടത്തിലുണ്ട്.
ലോകകപ്പ് നടത്തിപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ഐസിസി മാനേജർ സീൻ ഈസെ പറഞ്ഞു. ബംഗ്ലാദേശിൽ നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെന്റ് ആഭ്യന്തര പ്രശ്നങ്ങൾ കാരണം യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയുൾപ്പെടെ 10 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുക. ഓസ്ട്രേലിയയാണ് നിലവിലെ ജേതാക്കൾ.