ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ജൂണിൽ നടക്കാൻ പോകുന്ന ഐസിസി ട്വൻ്റി20 ലോകകപ്പ്. മത്സരത്തിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചതോടെ ക്രിക്കറ്റ് പ്രേമികൾ വൻതോതിലാണ് ടിക്കറ്റുകൾ വാങ്ങിക്കൂട്ടുന്നത്. ഇതിൽ പാക്കിസ്ഥാനും കാനഡയ്ക്കുമെതിരെയുള്ള ഇന്ത്യയുടെ മത്സരങ്ങൾ കാണാനായുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
റീസെയിൽ വെബ്സൈറ്റുകളായ സ്‌റ്റബ്ഹബ്, സീറ്റ്ഗീക്ക് എന്നിവയിലൂടെയാണ് ഇപ്പോൾ ഇന്ത്യ – പാക്ക്, ഇന്ത്യ – കാനഡ മത്സരങ്ങളുടെ ടിക്കറ്റ് ലഭിക്കുന്നത്. ഐസിസി വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 497 രൂപയും ഉയർന്ന നിരക്ക് 33,160 രൂപയും ആണ്. എന്നാൽ നിലവിൽ റീസെയിൽ വെബ്സൈറ്റുകളിൽ ലക്ഷങ്ങളാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. ശരാശരി 33 ലക്ഷം രൂപയാണ് റീസെയിൽ മാർക്കറ്റിലെ വില. ഡിമാൻഡ് അനുസരിച്ച് വില ഉയരുകയും ചെയ്യും.
ജൂൺ 9ന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ – പാക്ക് മത്സരത്തിന്റെ ടിക്കറ്റിന് ഏറ്റവും കുറഞ്ഞത് 1.04 ലക്ഷം രൂപയാണ് സബ്ഹബ് ഈടാക്കുന്നത്. അതേസമയം വിഐപി ടിക്കറ്റുകൾക്ക് സീറ്റ്ഗീക്ക് വില 1 കോടി രൂപയ്ക്ക് മുകളിലാണ് എന്നതാണ് വാസ്തവം. പ്ലാറ്റ്ഫോം ഫീസ് ഉൾപ്പെടെ 1.86 കോടി രൂപയാണ് ഉയർന്ന ടിക്കറ്റ് നിരക്ക്. നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത് എന്നതിനാലാണ് മത്സരത്തിൻ്റെ ഡിമാൻഡ് കുത്തനെ ഉയരുന്നതെന്നാണ് വിലയിരുത്തൽ.