ന്യൂസീലൻഡിനെതിരെ ഓസ്ട്രേലിയക്ക് അഞ്ച് റൺസിന്റെ വിജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്നിരുന്ന മത്സരത്തിനൊടുവിലാണ് കിവീസ് തോൽവി സമ്മതിച്ചത്. ഓസീസ് ഉയർത്തിയ 389 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് തങ്ങളുടെ പോരാട്ടം 383 റൺസിൽ അവസാനിപ്പിക്കേണ്ടിവന്നു. രചിൻ രവീന്ദ്ര സെഞ്ച്വറി ഉൾപ്പെടെ സ്വന്തമാക്കിയ പോരാട്ടത്തിൽ മികച്ച പ്രകടനമാണ് ന്യൂസീലൻഡ് കാഴ്ചവെച്ചത്. ഇതോടെ തുടർച്ചയായ നാലാം ജയത്തിൽ ഓസീസ് സെമി പ്രതീക്ഷകൾ നിലനിർത്തി.
ഓസ്‌ട്രേലിയ – 388/10 (49.2), ന്യൂസീലന്‍ഡ് – 383/9 (50) എന്നിങ്ങനെയായിരുന്നു സ്കോർ. 89 പന്തിൽ നിന്ന് അഞ്ച് സിക്സും ഒമ്പത് ഫോറുമടക്കം 116 റൺസെടുത്ത രവീന്ദ്രയാണ് കിവീസിന്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ ഓസീസിന്റെ നീഷാം 39 പന്തിൽ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 58 റൺസെടുത്തു. ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റുമായി തിളങ്ങി. ജോഷ് ഹെയ്സൽവുഡും പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീതവുമെടുത്തു.
കിവീസിന്റെ ഓപ്പണിങ് വിക്കറ്റിൽ ഡെവോൺ കോൺവെയും വിൽ യങ്ങും ചേർന്ന് 61 റൺസ് നേടി മടങ്ങി. മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ചേർന്ന് 96 റൺസ് ചേർത്തു. 51 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 54 റൺസുമായി മിച്ചൽ മടങ്ങിയെങ്കിലും നാലാം വിക്കറ്റിൽ രവീന്ദ്ര ക്യാപ്റ്റൻ ടോം ലാഥത്തെ കൂട്ടുപിടിച്ച് സ്കോർ 200 കടത്തി. 22 പന്തിൽ നിന്ന് 21 റൺസെടുത്ത ലാഥത്തെ സാംപ മടക്കി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ ജെയിംസ് നീഷാം മികച്ച ഷോട്ടുകളോടെ സ്കോർ ഉയർത്തി. ഇതിനിടെ 41-ാം ഓവറിൽ രവീന്ദ്രയെ മടക്കി പാറ്റ് കമ്മിൻസ് ഓസീസിന് ബ്രേക്ക് ത്രൂ നൽകി.
തകർപ്പൻ തുടക്കമാണ് ഡേവിഡ് വാർണർ – ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം ഓസീസിന് സമ്മാനിച്ചത്. ഇരുവരും 115 പന്തിൽ 175 റൺസാണ് നേടിയത്. 65 പന്തിൽ നിന്ന് ആറ് സിക്സിന്റെയും അഞ്ച് ബൗണ്ടറികളുടെയും അകമ്പടിയോടെ 81 റൺസെടുത്താണ് വാർണർ പുറത്തായത്. പരിക്കിൽ നിന്നും മടങ്ങിവന്ന ട്രാവിസ് ഹെഡ് 67 പന്തിൽ നിന്ന് ഏഴ് സിക്സും 10 ഫോറുമടക്കം 109 റൺസെടുക്കുകയും പിന്നാലെ പുറത്താകുകയും ചെയ്തു. തുടർന്ന് 51 പന്തുകൾ നേരിട്ട മിച്ചൽ മാർഷിന് 36 റൺസെടുത്തു. എന്നാൽ 24 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 41 റൺസെടുത്ത ഗ്ലെൻ മാൽ, 28 പന്തിൽ നിന്ന് 38 റൺസെടുത്ത് ജോഷ് ഇംഗ്ലിസ് എന്നിവരുടെ ഇന്നിങ്സുകൾ ഓസീസ് സ്കോർ 300 കടത്തി. പിന്നാലെ 14 പന്തിൽ നാല് സിക്സിന്റെയും രണ്ട് ബൗണ്ടറികളുടെയും അകമ്പടിയോടെ 37 റൺസെടുത്ത പാറ്റ് കമ്മിൻസ് സ്കോർ 388-ൽ എത്തിക്കുകയായിരുന്നു.