ചരിത്ര പ്രഖ്യാപനവുമായി ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇനി ഐസിസി ടൂർണമെന്റുകളിൽ പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായിരിക്കുമെന്നാണ് ഐസിസി പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ഐസിസി വാർഷിക സമ്മേളനത്തിലാണ് പുതിയ തീരുമാനമെടുത്തത്.
2030- ഓടെയാകും പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക പൂർണമായും തുല്യമാകുക. ടൂർണ്ണമെന്റിലെ ലിംഗപരമായ അന്തരം കുറയ്ക്കുന്നതിന്റെ ആദ്യഘട്ടമാണിത്. പുരുഷ-വനിതാ ടീമുകൾക്ക് തുല്യമായ സമ്മാനത്തുക നൽകുക എന്ന ലക്ഷ്യത്തോടെ 2017 മുതൽ ഐസിസി വനിതാ ടൂർണമെന്റുകളിലെ സമ്മാനത്തുക ക്രമാനുഗതമായി വർധിപ്പിക്കുന്നുണ്ടെന്ന് ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലെ പറഞ്ഞു.