ഐപിഎല്ലിന്റെ ആവേശം തകർത്തുകൊണ്ടിരിക്കെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരങ്ങൾ നടത്താനൊരുങ്ങുകയാണ് രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഇന്ത്യ ബംഗ്ലാദേശിനെതിരെയാണ് സന്നാഹ മത്സരത്തിൽ ഏറ്റുമുട്ടുക.
മെയ് 27 മുതൽ ജൂൺ ഒന്ന് വരെയാണ് സന്നാഹ മത്സരങ്ങൾ നടത്തപ്പെടുക. ടെക്സാസിലെ ഗ്രാൻഡ് പ്രയറി ക്രിക്കറ്റ് സ്റ്റേഡിയം, ഫ്ളോറിഡയിലെ ബ്രോവാഡ് കൗണ്ടി സ്റ്റേഡിയം, ട്രിനിഡാഡ് ആന്റ് ടൊബാഗോയിലെ ക്വീൻസ് പാർക്ക് ഓവൽ, ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും സന്നാഹമത്സരങ്ങൾ നടക്കുക. മത്സരത്തിന്റെ സമയം പിന്നീട് വ്യക്തമാക്കുമെന്നാണ് ഐ.സി.സി അറിയിച്ചിരിക്കുന്നത്. ജൂൺ ഒന്നിനാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം നടക്കുക.
ലോകകപ്പിൽ പങ്കെടുക്കുന്ന ഇരുപതിൽ 17 ടീമുകളാണ് സന്നാഹമത്സരം കളിക്കുന്നത്. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകൾ സന്നാഹമത്സരത്തിനിറങ്ങില്ല. ഇംഗ്ലണ്ടിന് ലോകകപ്പിന് മുന്നേ പാക്കിസ്ഥാനുമായി ടി20 പരമ്പരയുണ്ട്. ന്യൂസീലൻഡിന് നിലവിൽ മത്സരങ്ങളൊന്നുമില്ല. ജൂൺ എട്ടിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസീലൻഡിൻ്റെ ലോകകപ്പിലെ ആദ്യ മത്സരം നടക്കുക.