ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ച ശേഷം വിരമിച്ച ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പർ ജേഴ്‌സി പിൻവലിക്കുന്നതായാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്.
രണ്ട് പതിറ്റാണ്ടോളം ഹോക്കി ടീമിനായി ശ്രീജേഷ് അണിഞ്ഞ 16-ാം നമ്പർ ജേഴ്‌സി ഇനി സീനിയർ ടീമിൽ ആർക്കും ലഭിക്കില്ല. അത് ശ്രീജേഷ് എന്ന മികച്ച ഗോൾ കീപ്പർക്ക് സ്വന്തമാണ്. ടോക്കിയോ ഒളിമ്പിക്‌സിലും പാരീസ് ഒളിമ്പിക്‌സിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ശ്രീജേഷ്. പാരീസിൽ ഗെയിംസിലെ എട്ട് മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളിൽ 50 എണ്ണം സേവ് ചെയ്‌ത താരത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ചത്.
പാരീസ് ഒളിമ്പിക്സോടെ വിരമിക്കുമെന്ന് നേരത്തേ തന്നെ ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിരമിച്ചതിന് പിന്നാലെ ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിൻ്റെ പരിശീലകനായി നിയമിച്ച് ഹോക്കി ഇന്ത്യ കൂടെ നിർത്തുകയായിരുന്നു. അതിനുപിന്നാലെയാണ് താരത്തിനുള്ള ഈ ആദരം.