ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തെത്തുടർന്ന് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനെ വിലക്കി ഐസിസി. ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ മോശമായി പെരുമാറിയതിനാണ് ഹർമൻപ്രീതിന് രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയത്.
വിലക്ക് കൂടാതെ മാച്ച് ഫീയുടെ 75 ശതമാനം തുക താരം പിഴയായി അടയ്ക്കുകയും ചെയ്യണം. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് 50 ശതമാനവും സമ്മാനദാനച്ചടങ്ങിനിടെ പരിഹസിച്ചതിന് 25 ശതമാനവും ഐസിസി പിഴയായി ഈടാക്കും. അച്ചടക്കലംഘനം നടത്തിയതിനാൽ താരത്തിന് മൂന്ന് ഡീമെറിറ്റ് പോയന്റുകളും ലഭിച്ചു. ഐസിസി പെരുമാറ്റച്ചട്ടം ലെവൽ 2 പ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമാണ് ഹർമൻപ്രീത്.
മത്സരത്തിൽ പുറത്തായതിന് പിന്നാലെ ബാറ്റുകൊണ്ട് വിക്കറ്റ് തല്ലിയൊടിച്ച ഹർമൻപ്രീത് അമ്പയറുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. കൂടാതെ ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അവരെ പരിഹസിച്ച് സംസാരിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് ടീം അംഗങ്ങൾ ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐസിസി ശക്തമായ തീരുമാനത്തിലേയ്ക്ക് നീങ്ങിയത്.