വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്നാണ് ഹാർദിക് പാണ്ഡ്യ വ്യക്തമാക്കിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഹാർദിക്കും നടാഷയും വേർപിരിയുകയാണെന്ന വിധത്തിൽ നേരത്തേ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു.
“നാല് വർഷമായി ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് നടാഷയും ഞാനും പിരിയുകയാണ്. പരസ്പര ബഹുമാനവും സന്തോഷവുമുള്ള കുടുംബമായി വളർന്ന ശേഷം വളരെ ബുദ്ധിമുട്ടിയാണ് പിരിയാൻ തീരുമാനിക്കുന്നത്. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇവിടെയുണ്ടാകും. അഗസ്ത്യയുടെ സന്തോഷത്തിനായി ഒരുമിച്ച് എല്ലാ കാര്യങ്ങളും ചെയ്യും. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും, പിന്തുണയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു” എന്നാണ് ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
2020-ലാണ് ഹാർദിക്കും നടാഷയും വിവാഹിതരാകുന്നത്. മോഡലായ നടാഷ ചില ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഹാർദിക്കിന്റെ പേര് നടാഷ ഇൻസ്റ്റഗ്രാമിൽ നിന്ന് മാറ്റിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായി വാർത്തകൾ പരന്നത്. മാത്രമല്ല ഹാർദിക് ഉൾപ്പെട്ട ഇന്ത്യൻ ടീം ട്വൻ്റി-20 ലോകകപ്പിൽ കിരീടം നേടിയപ്പോൾ അഭിനന്ദിച്ചുള്ള ഒരു പോസ്റ്റ് പോലും നടാഷ പങ്കുവെച്ചിരുന്നില്ല. വിജയാഷോഷങ്ങൾക്ക് ശേഷം മകനൊപ്പമുള്ള ചിത്രങ്ങൾ ഹാർദിക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ അംബാനി വിവാഹാഘോഷങ്ങളിലും ഹാർദികിനൊപ്പം നടാഷയുണ്ടായിരുന്നില്ല.