എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ എടുക്കാറില്ലെന്നുമാണ് ഹർഭജൻ പറഞ്ഞത്. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ഞാൻ ധോണിയോട് മിണ്ടാറില്ല. എനിക്കദ്ദേഹത്തോട് ഒരു പ്രശ്‌നവുമില്ല. ഇനി അവനുണ്ടോ എന്ന് അറിയില്ല. പത്ത് വർഷത്തിലേറെയായി കാര്യങ്ങൾ ഇങ്ങനെയാണ്. ഇങ്ങനെയായതിൻ്റെ കാരണം എനിക്കറിയില്ല. സി.എസ്.കെയിൽ കളിക്കുമ്പോൾ പോലും ഗ്രൗണ്ടിൽ മാത്രമേ ഞങ്ങൾ മിണ്ടാറുള്ളൂ. കളിക്ക് ശേഷം അദ്ദേഹം എൻ്റെ റൂമിലേക്ക് വരികയോ ഞാൻ അങ്ങോട്ട് പോകുകയോ ചെയ്യാറില്ല.
എൻ്റെ ഫോൺ കോൾ എടുക്കുന്നവർക്ക് മാത്രമേ ഞാൻ വിളിക്കാറുള്ളൂ. അല്ലാത്തവർക്ക് വിളിക്കാൻ എനിക്ക് സമയമില്ല. ഞാൻ എന്നോട് കൂട്ടുള്ളവരോട് മാത്രമേ ബന്ധപ്പെടാറുള്ളൂ. ഒരു ബന്ധം എന്ന് പറയുന്നത് എപ്പോഴും കൊടുക്കൽ വാങ്ങലുകളുടേതായിരിക്കണം. ഞാൻ നിങ്ങളെ ബഹുമാനിക്കുമ്പോൾ നിങ്ങൾ തിരിച്ചും അങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കും” എന്നാണ് ഹർഭജൻ തുറന്നുപറഞ്ഞത്.
അതേസമയം ധോണിയുമായുള്ള അകൽച്ചയുടെ കാരണം ഹർഭജൻ വ്യക്തമാക്കിയിട്ടില്ല. 2015ൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനത്തിലാണ് അവസാനമായി ഇരുവരും ഒരുമിച്ച് കളിച്ചത്. 2018 മുതൽ 2020വരെ ഐ.പി.എല്ലിൽ ധോണിയുടെ കീഴിൽ ഹർഭജൻ ചെന്നൈക്കായി കളിച്ചിരുന്നു.