ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ നിയമിതനായി. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാഹുൽ ദ്രാവിഡിന്റെ പകരക്കാരനായാണ് ഗംഭീർ എത്തുന്നത്. ട്വന്റി-20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്.
മൂന്നര വർഷത്തേക്കാണ് പുതിയ കോച്ചിനെ നിയമിച്ചിരിക്കുന്നത്. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും ഗംഭീർ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകുക. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ ഒരു കോച്ചാകും പരിശീലിപ്പിക്കുക.
പരിശീലകനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഗൗതം ഗംഭീർ. കൊൽക്കത്തയെ ഐപിഎൽ ഈ സീസണിലെ ചാമ്പ്യന്മാരാക്കിയതോടെ ഗംഭീറിന്റെ പ്രശസ്തി വർധിക്കുകയായിരുന്നു. 58 ടെസ്റ്റിൽ 104 ഇന്നിങ്സിൽ നിന്ന് 4154 റൺസും 147 ഏകദിനത്തിൽ നിന്ന് 5238 റൺസും 37 ടി-20യിൽ നിന്ന് 932 റൺസുമാണ് കളത്തിലിറങ്ങിയപ്പോൾ ഗംഭീർ നേടിയിട്ടുള്ളത്.