ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സമയക്രമം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കടുത്ത നടപടികളുമായി ഐസിസി. ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധി സമയം 1 മിനിറ്റായാണ് കുറച്ചത്. ബൗളിങ്ങിൽ ഓവറുകൾക്കിടയിലെ സമയക്രമം പാലിക്കാതെ വന്നാൽ ഫീൽഡിങ് ടീമിന് 5 റൺസ് പിഴയായി ചുമത്താനും ഐസിസി ബോർഡ് മീറ്റിങ്ങിൽ തീരുമാനിച്ചു.
ഒരു ഓവർ പൂർത്തിയാക്കി അടുത്തത് തുടങ്ങുന്നതിന് പരമാവധി ഒരു മിനിറ്റാണ് ബോളിങ് ടീമിന് അനുവദിച്ചിട്ടുള്ളത്. ഇത് ലംഘിച്ചാൽ ഇന്നിങ്സിൽ ആദ്യ 2 തവണ മുന്നറിയിപ്പ് നൽകും. മൂന്നാം തവണയും ഇത് ആവർത്തിച്ചാൽ ബാറ്റിങ് ടീമിന് 5 റൺസ് ലഭിക്കുമെന്നാണ് പുതിയ നിയമം.
പുതിയ നിയമം പരീക്ഷണാടിസ്ഥാനത്തിൽ ഡിസംബർ മുതൽ നടപ്പാക്കാനാണ് ഐസിസി തീരുമാനിച്ചത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഓവർ സമയം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്റ്റോപ്പ് ക്ലോക്ക് ഉൾപ്പെടുത്താനും ഐസിസി ബോർഡ് മീറ്റിങ്ങിൽ തീരുമാനിച്ചു.