2023-ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. ഇൻ്റർ മയാമിയുടെ അർജന്റീന താരമായ ലയണൽ മെസ്സി, മാഞ്ചെസ്റ്റർ സിറ്റിയുടെ നോർവേ താരം ഏർലിങ് ഹാളണ്ട്, പി.എസ്.ജിയുടെ ഫ്രഞ്ച് മുന്നേറ്റനിരക്കാരൻ കിലിയൻ എംബാപ്പെ എന്നിവരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ജനുവരി 15-ന് ലണ്ടനിൽ വെച്ചാണ് ഫിഫ ബെസ്റ്റ് പുരസ്കാരദാന ചടങ്ങ് നടക്കുക.
ഈ മൂന്ന് താരങ്ങൾ തന്നെയാണ് ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിയിലും ഇടം നേടിയിരുന്നത്. ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനം എട്ടാം ബാലൺ ഡി ഓർ പുരസ്കാരത്തിന് മെസ്സിയെ അർഹനാക്കിയിരുന്നു. നിലവിലെ ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവുകൂടിയാണ് മെസ്സി. പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗ് നേടിയതും ഇന്റർ മിയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിച്ചതുമാണ് മെസിയെ ഫിഫ ബെസ്റ്റ് 2023 ടോപ് ത്രീയിലെത്തിച്ചിരിക്കുന്നത്.
ചാംപ്യൻസ് ലീഗും പ്രീമിയർ ലീഗും എഫ്.എ കപ്പും മാഞ്ചസ്റ്റർ സിറ്റിക്ക് നേടിക്കൊടുത്ത പ്രകടനമാണ് ഏർലിങ് ഹാളണ്ടിനെ ടോപ് ത്രീയിലെത്തിച്ചത്. പിഎസ്‌ജിയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയാണ് എംബാപ്പെയെ അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയത്.