ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ പരാജയം ഏറ്റുവാങ്ങുകയാണ്. ക്യാപ്റ്റൻസി മാറ്റത്തോടെ ഐപിഎൽ തുടങ്ങുന്നതിന് മുൻപ് തന്നെ വലിയ ആരാധക നഷ്ടമാണ് ടീമിന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. തുടർന്ന് ഹാർദികിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം എല്ലാ മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതോടെ പഴയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ നായകനാക്കണമെന്നാണ് ആവശ്യമുയരുന്നത്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ മൂന്ന് തോൽവികളാണ് ഏൽക്കേണ്ടിവന്നത്. ഈ സീസണിൽ ഒരു മത്സരവും ജയിക്കാത്ത ഏക ടീമെന്ന നാണക്കേടും അഞ്ച് കിരീടങ്ങളുള്ള മുംബൈക്ക് ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഈ അവസരത്തിൽ രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്ന് മാറ്റി ഹർദിക് പാണ്ഡ്യയെ നായകനാക്കിയ മുംബൈയുടെ തീരുമാനം പാളിയെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. മുൻ ഇന്ത്യൻ താരവും പശ്ചിമ ബംഗാൾ കായിക മന്ത്രിയുമായ മനോജ് തിവാരിയും രോഹിതിനെ തിരികെ നായകനാക്കി ടീമിനെ രക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. രാജസ്ഥാൻ റോയൽസിനോട് മുംബൈ ആറ് വിക്കറ്റിൻ്റെ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തിവാരി തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
‘എനിക്ക് തോന്നുന്നത് മുംബൈയുടെ നായക സ്ഥാനം രോഹിത് ശർമയ്ക്ക് തിരികെ നൽകിയേക്കുമെന്നാണ്. അഞ്ച് കിരീടങ്ങൾ സമ്മാനിച്ച രോഹിതിനെ മാറ്റി ഹർദികിന് നായക സ്ഥാനം നൽകാൻ ഇന്ത്യൻസിൻ്റെ ഉടമകൾക്ക് സാധിക്കുമെങ്കിൽ ഹർദികിനെ മാറ്റുന്ന തീരുമാനങ്ങൾ എടുക്കാനും അവർ മടിക്കില്ല എന്നു തന്നെയാണ്. ക്യാപ്റ്റനെ ഇടയ്ക്ക് മാറ്റുന്നത് വലിയ കാര്യമൊക്കെ തന്നെയാണ്. എന്നാൽ അതുകൊണ്ട് ടീമിന് ഗുണമുണ്ടായിട്ടില്ല. അവർ ഒരു പോയിൻ്റും ഇതുവരെ നേടിയതുമില്ല. ക്യാപ്റ്റനാകാൻ നിറയെ ആളുകളെ കിട്ടും. ടീം ജയിക്കാൻ ഭാഗ്യം മാത്രം പോര ക്യാപ്റ്റൻസിയും മികച്ചതാകണം. ഇവിടെ ക്യാപ്റ്റൻസിക്ക് ഒരു മികവും ചൂണ്ടിക്കാണിക്കാനില്ല’ എന്നാണ് തിവാരി വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ അഭിപ്രായം കയ്യടി നേടുകയാണ്.