ഫുട്‌ബോൾ ഇതിഹാസം ലിയോണൽ മെസി സൗദി ക്ലബ് അൽ ഹിലാൽ ചേക്കേറുമെന്ന റിപ്പോർട്ടുകൾ കുറച്ചു മണിക്കൂറുകൾക്ക് മുൻപാണ് പുറത്ത് വന്നത്. വർഷത്തിൽ 3270 കോടി രൂപയുട കരാറിൽ മെസി ഒപ്പിട്ടുവെന്നും വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ ലിയോണൽ മെസിയോ അൽ ഹിലാലോ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. മെസിയുടെ അച്ഛനും ഏജന്റുമായ ജോർഗെ മെസിയും ഇപ്പോഴത്തെ ക്ലബ് പിഎസ്ജിയും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
ഇതിനിടെ ഫുട്‌ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പുറത്തുവിടുന്ന വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളൊന്നും ഉറപ്പിക്കാറായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മെസിയെ കുറിച്ച് പുറത്തുവിട്ട അവസാന ട്വീറ്റിൽ ഫാബ്രിസിയോ പറയുന്നതിങ്ങനെ.. ”മെസിയുടെ നിലവിലെ സാഹചര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. സീസണിനൊടുവിൽ മാത്രമെ എന്തെങ്കിലും തീരുമാനം പുറത്തുവിടൂ. അൽഹിലാൽ മുന്നോട്ടുവച്ച ഓഫർ ഏപ്രിൽ മുതൽ ചർച്ചയിലുള്ളതാണ്. ബാഴ്‌സ മെസി തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.” റൊമാനോ ട്വീറ്റ് ചെയ്തു.