യുവേഫ യൂറോ ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് സ്പെയിൻ. കലാശപ്പോരിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പാനിഷ് സംഘം കിരീടമണിഞ്ഞത്. ഇത് നാലാം തവണയാണ് സ്പെയിൻ യൂറോ കപ്പ് സ്വന്തമാക്കുന്നത്. ഇത്രയും പ്രാവശ്യം കപ്പ് നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും രാജ്യം സ്വന്തമാക്കി. 1964, 2008, 2012 വർഷങ്ങളിലാണ് ഇതിനുമുമ്പ് സ്പെയിൻ യൂറോ കപ്പ് വിജയിച്ചത്.
നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. പകരക്കാരൻ കോൾ പാമർ 73-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡെടുത്ത സ്പെയിനെ കോൾ പാമറുടെ മറുപടി ഗോളിലൂടെ ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു. എന്നാൽ 86-ാം മിനിറ്റിൽ ഒയർസബാൽ സ്പെയിനിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 89-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ കോർണറിൽ നിന്നുള്ള ഗോൾ ശ്രമങ്ങൾ സ്പെയിൻ ഗോളി ഉനായ് സിമോണും ഡാനി ഒൽമോയും തടഞ്ഞത് മത്സരത്തിൽ നിർണായകമായി.
യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങൾക്ക് സമ്മാനിക്കുന്ന ഗോൾഡൻ ബൂട്ടിന് ഇത്തവണ ആറ് പേരാണ് അർഹരായത്. ആറുപേരും മൂന്ന് ഗോളുകൾ വീതമാണ് നേടിയത്. സ്പെയിനിൻ്റെ ഡാനി ഒൽമോ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ, നെതർലൻഡ്‌സിൻ്റെ കോഡി ഗാക്പോ, ജർമനിയുടെ ജമാൽ മുസിയാള, സ്ലൊവാക്യയുടെ ഇവാൻ സ്ക്രാൻസ്, ജോർജിയയുടെ മിക്കോട്ടഡ്സെ എന്നിവരാണ് ഗോൾഡൻ ബൂട്ട് പുരസ്‌കാരം പങ്കിടുക.