കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഗോൾവേട്ടക്കാരനും സൂപ്പർ താരവുമായ ദിമിത്രിയോസ് ഡയമെന്റകോസ് ക്ലബ്ബ് വിട്ടു. സാമൂഹിക മാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ക്ലബിലെ രണ്ട് വർഷത്തെ സേവനം അവസാനിപ്പിച്ചതായും ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും താരം വ്യക്തമാക്കി.
‘നിർഭാഗ്യവശാൽ മികച്ച സാഹസികതകളും അനുഭവങ്ങളും കൊണ്ട് വിസ്‌മയം നിറഞ്ഞ, കേരളത്തോടൊപ്പമുള്ള രണ്ട് വർഷങ്ങൾ അവസാനിക്കുന്നു. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ചുകഴിഞ്ഞ നിമിഷങ്ങൾ വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനാവില്ല. ആദ്യ ദിവസം മുതൽ തുടർച്ചയായി ആരാധകരിൽ നിന്ന് ലഭിച്ച സ്നേഹവും പിന്തുണയും അവിശ്വസനീയമാണ്. ആരാധകർക്ക് നന്ദി. ഞാൻ നിങ്ങളെ എപ്പോഴും ഓർക്കും. നിങ്ങൾക്ക് ആശംസകൾ’ എന്നാണ് ഡയമന്റക്കോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
31-കാരനായ ദിമിത്രിയോസ് ഡയമൻ്റക്കോസ് 2023-24 സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവാണ്. പരിശീലകനായ ഇവാൻ വുക്കൊമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിന് പിന്നാലെയാണ് ഡയമെൻ്റകോസും ബ്ലാസ്‌റ്റേഴ്‌സും ക്ലബ്ബിൽ നിന്ന് മടങ്ങുന്നത്. സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ താരം ബ്ലാസ്‌റ്റേഴ്‌സിനായി നേടുകയും മൂന്ന് ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു. 2022-ൽ ക്രൊയേഷ്യൻ ലീഗിലെ എച്ച്.എൻ.കെ ഹാജുക് സ്‌പ്ലിറ്റിൽ നിന്ന് രണ്ട് കോടി രൂപ ട്രാൻസ്‌ഫർ തുകയിലാണ് താരം ടീമിലെത്തിയത്.