ഐപിഎൽ ഡൽഹി ക്യാപിറ്റൽസിൻ്റെ പരിശീലകനാകാനൊരുങ്ങി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്തു നിന്ന് കഴിഞ്ഞദിവസം ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റ് നീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നിലവിൽ ടീം ഡയറക്ടർ കൂടിയായ സൗരവ് ഗാംഗുലിയെ പരിശീലകനായി പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച സൂചന ഗാംഗുലിയും നൽകിയിരുന്നു.
കഴിഞ്ഞ ഏഴ് സീസണായി ഡൽഹി ടീമിൻ്റെ മുഖ്യ പരിശീലകനായിരുന്ന പോണ്ടിങ്ങിന് കീഴിൽ ഒരു തവണ ടീം ഫൈനലിൽ എത്തിയെങ്കിലും ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല. അതിനാലാണ് പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്തു നിന്ന് നീക്കിയത്. ഇതിനിടെ പോണ്ടിങ്ങിന് പകരം ആരെയാണ് ഡൽഹി ക്യാപിറ്റൽസ് മുഖ്യപരിശീലകനായ നിയമിക്കുകയെന്ന ചോദ്യത്തിന്, പരിശീലക ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന സൂചന ഗാംഗുലി നൽകുകയായിരുന്നു. “ഞാൻ മുഖ്യ പരിശീലകനാകും. ഞാൻ എങ്ങനെ പ്രകടനം നടത്തുന്നുവെന്ന് നോക്കാം. കുറച്ച് പുതിയ കളിക്കാരെ റിക്രൂട്ട് ചെയ്യേണ്ടതുണ്ട്” എന്നാണ് താരം വ്യക്തമാക്കിയത്.
“അടുത്ത വർഷത്തെ ഐപിഎൽ പ്ലാൻ ചെയ്യണം. ഒരിക്കൽ ഡൽഹി ക്യാപിറ്റൽസിനായി ഐപിഎൽ വിജയിക്കണം. മെഗാ ലേലം അടുത്ത വർഷമാണ്, അതിനാൽ ഞാൻ ഇപ്പോൾ മുതൽ പ്ലാൻ ചെയ്യാൻ തുടങ്ങി. കഴിഞ്ഞ 7 വർഷമായി ഫ്രാഞ്ചൈസിയെ മുന്നോട്ട് കൊണ്ടുപോകാൻ പോണ്ടിങ്ങിനു കഴിഞ്ഞില്ല. എനിക്ക് ഫ്രാഞ്ചൈസിയുമായി സംസാരിക്കണം, ഇന്ത്യൻ പരിശീലകരെ നോക്കാൻ അവരോട് ആവശ്യപ്പെടണം” എന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ടീമിന്റെ ഭാവി ചർച്ച ചെയ്യാൻ ഡൽഹിയുടെ സഹഉടമകളായ ജെഎസ്ഡബ്ല്യു, ജെഎംആർ ഗ്രൂപ്പുകൾ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ യോഗം ചേരുമെന്നാണ് റിപ്പോർട്ട്.