15 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ഡേവിഡ് വാർണർ. ടി20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പുറത്തായതിന് പിന്നാലെയാണ് താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ നിന്ന് താരം നേരത്തേ വിരമിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള വിദേശ താരങ്ങളിൽ ഒരാളാണ് വാർണർ.
ഓസ്ട്രേലിയക്കായി മൂന്ന് ഫോർമാറ്റിലും തിളങ്ങിയ താരമാണ് ഇടം കൈയൻ ഓപ്പണറായ ഡേവിഡ് വാർണർ. 2015, 2023 ഏകദിന ലോകകപ്പുകളിലും 2021ലെ ടി20-ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിലും അംഗമായിരുന്നു താരം. 2021-2023 ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഓസീസിനായി നേടി. ഇന്ത്യയ്ക്കെതിരായ 2023 ഏകദിന ലോകകപ്പ് ഫൈനലാണ് അവസാനത്തെ ഏകദിന മത്സരം.
2009-ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെയാണ് വാർണർ ടി20-യിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 15 വർഷം ഓസീസിൻ്റെ നെടുംതൂണായി വാർണറുണ്ടായിരുന്നു. 112 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 8786 റൺസെടുത്ത വാർണർ ഏകദിനത്തിൽ 161 മത്സരങ്ങളിൽ നിന്നായി 6932 റൺസും ടി20യിൽ 110 മത്സരങ്ങളിൽ നിന്നായി 3277 റൺസുമെടുത്തു. വിവിധ ഫ്രാഞ്ചൈസികൾക്കായി ഐപിഎൽ കളിക്കുന്ന താരം ടിക് ടോക് വീഡിയോകളിലൂടെ വലിയ ജനപ്രീതി നേടിയിരുന്നു.