യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് യുവേഫ. യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ റൊണാൾഡോയുടെ ശ്രദ്ധേയമായ നേട്ടങ്ങൾ കണക്കിലെടുത്താണ് യുവേഫ റൊണാൾഡോയെ ആദരിച്ചത്. മൊണോക്കോയിൽ യുവേഫ ചാമ്പ്യൻസ് ലീഗ് 2024/2025 ലീഗ് ഘട്ട നറുക്കെടുപ്പിനിടെയായിരുന്നു ആദരം.
യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ ആണ് റൊണാൾഡോയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. കരിയറിൽ അഞ്ച് തവണയാണ് താരം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവെന്റസ് ക്ലബ്ബുകൾക്കായി 183 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ താരം ബൂട്ടണിഞ്ഞിട്ടുണ്ട്. 140 ഗോളുകളും സ്കോർ ചെയ്തു. മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡും റൊണാൾഡോയുടെ പേരിലാണ്.
അതോടൊപ്പം തുടർച്ചയായ 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ സ്കോർ ചെയ്ത താരത്തിന്റെ റെക്കോഡ് ഇതുവരെ ആർക്കും തകർക്കാൻ കഴിഞ്ഞിട്ടില്ല.