ഫുട്ബോൾ ആരാധകരെ ദു:ഖത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോൾ കളിക്കുന്നത് തൻ്റെ അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പായിരിക്കുമെന്നാണ് താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്ലൊവേനിയയ്ക്കെതിരായ പ്രീ ക്വാർട്ടർ ജയത്തിന് പിന്നാലെയായിരുന്നു ക്രിസ്‌റ്റ്യാനോയുടെ വെളിപ്പെടുത്തൽ.
‘നിസംശയം പറയാം, ഇതെൻ്റെ അവസാന യൂറോയാണ്. പക്ഷേ, അതിൽ എനിക്കു സങ്കടമില്ല. യൂറോ കിരീടം കിട്ടിയാലും ഇല്ലെങ്കിലും പോർച്ചുഗൽ കുപ്പായത്തിന് വേണ്ടി എന്റെ പരമാവധി നൽകാൻ ഞാൻ ശ്രമിക്കും. ഫുട്ബോളിനോടുള്ള ആവേശവും എന്റെ കുടുംബത്തോടും എന്നെ സ്നേഹിക്കുന്നവരോടുമുള്ള കടപ്പാടും സ്നേഹവുമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ഫുട്ബോൾ ലോകത്ത് ഞാൻ എന്നും ഉണ്ടാകും’ എന്നാണ് വികാരനിർഭരനായി ക്രിസ്റ്റ്യാനോ പറഞ്ഞത്.
39കാരനായ ക്രിസ്‌റ്റ്യാനോ പോർച്ചുഗലിനായി ആറാം തവണയാണ് യൂറോ കപ്പ് കളിക്കുന്നത്. യൂറോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ (14) നേടിയ താരം കൂടിയാണ് റൊണാൾഡോ. താരം തന്റെ 11-ാമത്തെ പ്രധാന ടൂർണമെന്റിൽ (ലോകകപ്പ്/യൂറോ) ആണ് ഇപ്പോൾ കളിക്കുന്നത്.