ക്രിക്കറ്റ് പുരുഷന്മാർക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നൊരു ചിന്താഗതി മുമ്പ് ഉണ്ടായിരുന്നു. വനിതാ ക്രിക്കറ്റിനെ പുച്ഛത്തോടെ കണ്ടിരുന്ന കാലം. ബാറ്റ് പിടിക്കാൻ വളയിട്ട കൈകൾക്കാകില്ല എന്ന പലരുടെയും വാദങ്ങളെ കാറ്റിൽ പറത്തി അവളെത്തി. ഒരു സുപ്രഭാതത്തിൽ വനിതാ ക്രിക്കറ്റിനെ കളിയാക്കിയിരുന്ന ഒരു കൂട്ടം ആളുകളുടെ സംസാര വിഷയമായി അവൾ മാറി. ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവർന്ന സുന്ദരി, അതെ, സ്മൃതി ശ്രീനിവാസ് മന്ദാന. ദ ഫെയ്സ് ഓഫ് ഇന്ത്യൻ വുമൺ ക്രിക്കറ്റ്.
ആദ്യകാഴ്ചയിൽ പേരും മുഖഭാവവും കാണുമ്പോൾ ഒരു ശാന്തയായ കളിക്കാരിയെന്ന് തോന്നും. എന്നാൽ ബാറ്റ് കയ്യിലേന്തിക്കഴിഞ്ഞാൽ തീക്ഷ്ണമായ നോട്ടത്തോടെ എതിർപക്ഷത്ത് നിൽക്കുന്നവരെ തരിപ്പണമാക്കുന്ന വിധത്തിലാണ് ഒരോ ചലനവും. സഹതാരങ്ങളെ ചേർത്ത് നിർത്തി തോൽക്കാൻ മനസില്ലാതെ അതി ശക്തമായി പോരാടുന്ന ക്രിക്കറ്റിലെ സൂപ്പർ താരം.
1973ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് അസോസിയേഷൻ സ്ഥാപിതമായിരുന്നെങ്കിലും പ്രവർത്തനങ്ങൾ വളരെ പരിതാപകരമായിരുന്നു. തുടർന്ന് 1976ൽ ആദ്യമായി ഇന്ത്യൻ വനിതാ ടീം ടെസ്റ്റ് മാച്ചിൽ മാറ്റുരച്ചെങ്കിലും അരാലും ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങപ്പെട്ടു. പിന്നീടങ്ങോട്ടും കാണികളുടെ മനോഭാവത്തിലും കളിക്കാരുടെ പ്രകടനങ്ങളിലും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. നിർജീവമായ അവസ്ഥയിൽ വനിതാ ക്രിക്കറ്റ് നടത്തപ്പെട്ടുകൊണ്ടേയിരുന്നു, ആരാലും ശ്രദ്ധിക്കപ്പെടാതെ. വർഷങ്ങൾ പലതും കൊഴിഞ്ഞുപോയി. അങ്ങനെ ഒരിക്കൽ ടീമിന്റെ രക്ഷകയായി അവളെത്തി. ഇടതുകയ്യിൽ ബാറ്റേന്തിയ മുംബൈക്കാരിയായ സ്മൃതി മന്ദാന. അതോടെ ആർക്കും വേണ്ടാതെ കിടന്നിരുന്ന വുമൺസ് ക്രിക്കറ്റ് പെട്ടെന്ന് ട്രെന്റിങ് ആയി മാറി.
ക്രിക്കറ്റ് കരിയർ
സ്മൃതി ജനിച്ചത് തന്നെ ഒരു ക്രിക്കറ്റ് കുടുംബത്തിലാണ്. ജില്ലാതല താരങ്ങളായിരുന്ന അച്ഛനും ചേട്ടനും ക്രിക്കറ്റിൽ തിളങ്ങിയപ്പോൾ എവിടെയോ അവൾക്കും ക്രിക്കറ്റ് ഒരു ഹരമായി മാറുകയായിരുന്നു. അവരുടെ പേരും ഫോട്ടോയും വന്ന പത്രങ്ങൾ അവൾ ചെറുപ്പത്തിൽ ഇടയ്ക്കിടെ മറിച്ച് നോക്കുമായിരുന്നു. അങ്ങനെ വളരുംതോറും അവളിൽ ഒരു ആഗ്രഹവും മൊട്ടിട്ടു. പത്രത്തിന്റെ അവസാന പേജിൽ പ്രത്യക്ഷപ്പെടുന്ന തന്റെ ചിത്രം. അവളുടെ ആ ആഗ്രഹത്തിന് പരിധി നിർണയിക്കാൻ തയ്യാറാകാതിരുന്ന വീട്ടുകാർ ആ ചെറു കൈകളിൽ ക്രിക്കറ്റ് ബാറ്റ് വച്ചുനൽകി. അങ്ങനെ ചേട്ടനെ കണ്ട് പഠിച്ച അവളും ഇടം കൈകൊണ്ട് ബാറ്റ് ചെയ്യാനാരംഭിച്ചു.
9-ാം വയസിൽ അണ്ടർ 15 ടീം, 11-ാം വയസിൽ മഹാരാഷ്ട്രയുടെ അണ്ടർ 19 ടീം.. അങ്ങനെ സ്മൃതി തന്റെ ക്രിക്കറ്റ് കരിയറിന്റെ ഓരോ പടികളും ചവിട്ടിക്കയറി. ബാറ്റേന്താൻ തന്നെ ജനിച്ചവൾ എന്ന പ്രയോഗം ഊട്ടിയുറപ്പിക്കുന്നതായിരുന്നു അവളുടെ ഓരോ പ്രകടനവും. 2013ൽ പശ്ചിമ മേഖലാ അണ്ടർ 19 ടൂർണമെന്റിൽ ഗുജറാത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് വേണ്ടി ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയതോടെയാണ് സമൃതി ശ്രദ്ധേയയായത്. 150 പന്തിൽ പുറത്താകാതെ 224 റൺസെടുത്ത സ്മൃതി ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ചെറുപ്രായത്തിൽ തന്റെ പേരിൽ എഴുതിച്ചേർത്തു.
ഇതോടെ ഇന്ത്യൻ ടീമിലേയ്ക്കും താരത്തിന് വിളിവന്നു. 2013 ഏപ്രിൽ 5ന് ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു സ്മൃതി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഏപ്രിൽ 10ന് ബംഗ്ലാദേശിനെതിരെ തന്നെ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2014ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റിലെ അദ്യ മത്സരം കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ച്വറി തികച്ച താരത്തിന്റെ പ്രകടനം ഇന്ത്യയുടെ ആ വർഷത്തെ ചരിത്ര വിജയത്തിൽ ഏറ്റവും വിലപ്പെട്ടതുമായിരുന്നു.
ദ ഫെയ്സ് ഓഫ് ഇന്ത്യൻ വുമൺ ക്രിക്കറ്റ്
കരിയറിലെ ഓരോ വർഷവും സ്മൃതിക്ക് ഒരോ നേട്ടങ്ങൾ തന്നെയാണ് സമ്മാനിച്ചിരുന്നത്. 2016 ആണ് അതിൽ പ്രധാനപ്പെട്ട ഒരു വർഷം. ഐ.സി.സിയുടെ വനിതാ ടീമിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്മൃതിയെ തേടിയെത്തിയത് 2016ലാണ്. കൂടാതെ, വുമൺ ചലഞ്ചർ ട്രോഫി മത്സരത്തിൽ മൂന്ന് അർദ്ധ സെഞ്ച്വറി നേടി ടീമിന് ട്രോഫി നേടുന്നതിൽ പ്രധാന പങ്കും വഹിച്ചു. 192 റൺസോടെ ടൂർണമെന്റിലെ ടോപ് സ്കോററുമായിരുന്നു താരം. അതോടൊപ്പം ഐ.സി.സി വുമൺസ് ടീം ഓഫ് ദ ഇയർ ആയും താരം തിരഞ്ഞെടുക്കപ്പെട്ടു. അതോടെ, അന്താരാഷ്ട്ര തലത്തിലും ആ 20-കാരി ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.
അന്ന് അവളുടെ സ്വപ്നം 2017ലെ ലോകകപ്പ് തന്നെയായിരുന്നു. അന്നത്തെ അവസ്ഥയിൽ ഏറെക്കുറെ സ്മൃതിയുടെ സീറ്റ് ലോകകപ്പ് ടീമിൽ ഉറപ്പുമായിരുന്നു. അതിനിടെ ഡബ്ലിയു.ബി.ബി.എൽ കളിക്കുന്ന ആദ്യ താരമായും സ്മൃതി മാറിക്കഴിഞ്ഞിരുന്നു. സത്യത്തിൽ സ്മൃതിയുടെ വരവോടെ വനിതാ ക്രിക്കറ്റ് കൂടുതൽ ശ്രദ്ധേയമാകുകയാണ് ചെയ്തത്. 2017ലെ ലോകകപ്പ് ടൂർണമെന്റായിരുന്നു ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെയും സ്മൃതിയുടെയും ചരിത്രം തിരുത്തിക്കുറിച്ച വർഷം. കേവലം അഞ്ചോ പത്തോ പേർ മാത്രം സംസാരിച്ചിരുന്ന ഒരു വിഷയം ഒരു ജനതയ്ക്കിടയിൽ ആവേശമായി മാറിയപ്പോൾ എല്ലാവരുടെയും നാവിൻ തുമ്പിലുണ്ടായിരുന്ന ആ പേര് മറ്റാരുടേതുമല്ല. സ്മൃതി മന്ദാന എന്ന് തന്നെയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ അവൾ നേടിയ 90 റൺസ് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ അതൊരു ചർച്ചയായി മാറിയത് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിലാണ്. അന്ന് സെഞ്ച്വറി തികച്ച് തന്റെ ഹെൽമെറ്റ് ഊരി ഗ്യാലറിയിൽ ഇരിക്കുന്ന ജനസാഗരത്തെ നോക്കി ആ 20 കാരി ചിരിച്ചപ്പോൾ അവൾ പോലും അറിഞ്ഞില്ല താനൊരു ഇന്റർനാഷണൽ ക്രഷ് ആയി മാറുകയാണെന്ന്. ചരിത്രത്തിൽ അതുവരെ ലഭിക്കാത്ത ജനപിന്തുണയായിരുന്നു അന്ന് ഇന്ത്യയ്ക്ക് ലഭിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ സ്മൃതി തന്റെ ക്രിക്കറ്റ് കരിയറിൽ എത്തിപ്പിടിച്ച നേട്ടങ്ങൾ നിരവധിയാണ്. കുഞ്ഞുനാളിൽ മനസിൽ കൊണ്ടുനടന്ന അവളുടെ ആഗ്രഹം ഒന്നല്ല, പലതവണയാണ് നിരവേറിയത്. സ്മൃതി മന്ദാന എന്ന പേര് സ്പോർട്സ് പേജുകളിൽ നിറഞ്ഞുനിന്നു. ഒരിക്കൽ സ്മൃതിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമത്തിൽ വന്ന പോസ്റ്റിന് ഒരു ആരാധകൻ കുറിച്ചത് ‘സ്മൃതി വനിതാ ക്രിക്കറ്റിന്റെ സേവാഗ് ആണ്’ എന്നായിരുന്നു. എന്നാൽ ഇത് കണ്ട സാക്ഷാൽ സേവാഗ് കുറിച്ചത് ‘വനിതാ ക്രിക്കറ്റിന്റെ സേവാഗല്ല, ലോക ക്രിക്കറ്റിന്റെ തന്നെ ആദ്യത്തെ സ്മൃതിയാണ് അവൾ’ എന്നായിരുന്നു.
വളയിട്ട കൈകൾക്ക് ബാറ്റ് വഴങ്ങില്ല എന്ന് വിളിച്ചുപറഞ്ഞവർക്ക് മുന്നിൽ അവൾ ഒരു സ്റ്റാറായി മാറി. വനിതാ ക്രിക്കറ്റിനെ ഇന്ന് ജനം സ്നേഹിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സ്മൃതി മന്ദാന എന്ന പേരുകൂടിയുണ്ട് എന്ന വാസ്തവം ആർക്കും മറക്കാൻ സാധിക്കില്ല. ക്രിക്കറ്റിലെ സ്മൃതിയുടെ സംഭാവനകൾ കണക്കിലെടുത്ത് 2018ൽ രാജ്യം അർജുന അവാർഡ് നൽകി താരത്തെ ആദരിച്ചു. ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടാനുള്ള കരുത്ത് തനിക്കുണ്ട് എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഓരോ മാച്ചുകളിലും അവൾ ബാറ്റുമായി കളം നിറയുന്നത്.