ഐപിഎല്ലിൽ പോര് മുറുകുകയാണ്. മത്സരങ്ങൾക്കിടെ അപ്രതീക്ഷിത പ്രകടനങ്ങളാൽ അഭിനന്ദനവും വിമർശനവും ഏറ്റുവാങ്ങുകയാണ് താരങ്ങൾ. ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്. ധോണിയാണ് ക്രിക്കറ്റ് ആരാധകരുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങുന്നത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെ സിംഗിൾ ഓടാൻ തയ്യാറാകാതിരുന്നതോടെയാണ് താരം വാർത്തകളിൽ നിറഞ്ഞത്.
ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ്ങിന്റെ അവസാന ഓവറിൽ നോൺ സ്ട്രൈക്കറായിരുന്ന ഡാരിൽ മിച്ചൽ ആവശ്യപ്പെട്ടിട്ടും ധോണി ഓടാൻ കൂട്ടാക്കിയില്ല. അർഷ്‌ദീപ് സിങ് എറിഞ്ഞ 20-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ഡീപ് കവറിലേക്ക് പന്ത് ഉയർത്തി അടിച്ച ധോണി സിംഗിൾ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു. എന്നാൽ ധോണി ഓടുമെന്ന് പ്രതീക്ഷിച്ച് ഡാരിൽ മിച്ചൽ മറുവശത്തേക്ക് എത്തിയെങ്കിലും ധോണി അനങ്ങാൻ പോലും തയ്യാറായില്ല. ഇതോടെ ഡാരിൽ മിച്ചൽ നോൺ സ്ട്രൈക്കേഴ്‌സ് എൻഡിലേക്ക് തന്നെ തിരിച്ചോടുകയും ചെയ്തു.
ഇതോടെ പഞ്ചാബ് ഫീൽഡർ മിച്ചലിനെ റൺഔട്ടാക്കാൻ ശ്രമിച്ചെങ്കിലും ത്രോ മിസായതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. അടുത്ത പന്തിൽ ധോണിക്ക് റണ്ണൊന്നും എടുക്കാൻ സാധിച്ചില്ല. എന്നാൽ അഞ്ചാം പന്ത് ഡീപ് എക്‌സ്ട്രാ കവറിന് മുകളിലൂടെ ധോണ് സിക്‌സർ പറത്തുകയും ചെയ്തു. അതോടൊപ്പം ഡാരിൽ മിച്ചലിന് അവസാന ഓവറിൽ പോലും സ്ട്രൈക്ക് നൽകാത്തതിന് ധോണിക്കെതിരെ വിമർശനം ഉയരുകയാണ്. ധോണി സെൽഫിഷ് ആണെന്നാണ് ക്രിക്കറ്റ് ആരാധകർ കുറ്റപ്പെടുത്തുന്നത്.
ചെന്നൈ ഇന്നിങ്സിലെ അവസാന പന്തിൽ ധോണി റൺഔട്ടാകുകയും ചെയ്തു. മത്സരത്തിൽ 11 പന്തുകൾ നേരിട്ട ധോണി 14 റൺസെടുത്തു. ഒരു സിക്‌സും ഒരു ഫോറും താരം ബൗണ്ടറി കടത്തി.