ട്രാക്കിലേയും ഫീല്‍ഡിലേയും ആരവങ്ങൾക്ക് തുടക്കമിട്ട് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമാകുന്നു. ഇംഗ്ളണ്ടിലെ ബിര്‍മിങ്ഹാമിലൊരുക്കിയ പതിനഞ്ച് സ്റ്റേഡിയങ്ങളില്‍ ലോകം മാറ്റുരയ്ക്കും. പതിനൊന്ന് ദിവസങ്ങളിലായി 280 ഇനങ്ങളിലാണ് മത്സരങ്ങൾ. മൂവായിരത്തിലേെര താരങ്ങളാണ് ഏറ്റുമുട്ടാനിറങ്ങുന്നത്. ഇന്ത്യന്‍ സമയം അനുസരിച്ച് വ്യാഴാഴ്ച രാത്രി 11.30ന് മത്സരത്തിന് തിരിതെളിയും.
സ്വര്‍ണപ്രതീക്ഷകളുമായി ഇന്ത്യുടെ 214 അംഗ സംഘവും മത്സരത്തിന് തയ്യാറായിക്കഴിഞ്ഞു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ പത്ത് മെഡലെങ്കിലും ഇന്ത്യ കൊയ്തെടുക്കുമെന്നാണ് പ്രതീക്ഷ. അത്ലറ്റിക്സിന് പുറമെ ബോക്സിംഗിലും , വെയിറ്റ് ലിഫ്റ്റംഗിലും , ടേബിൾ ടെന്നീസിലും , ഗുസ്തിയിലും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷകളുണ്ട്.
ഇക്കുറി ഷൂട്ടിഗ് മത്സരഇനമല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ സീസണില്‍ 15 മെഡലുകൾ ഇന്ത്യന്‍ ഷൂട്ടിംഗ് താരങ്ങൾ വാരിക്കൂട്ടിയിരുന്നു. ഇന്ത്യ കരുത്തു തെളിയിക്കുന്ന മറ്റൊരു മത്സര ഇനമായ അമ്പെയ്ത്തും ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്. സ്റ്റേഡിയങ്ങളുടേയും അനുബന്ധ സൗകര്യങ്ങളുടേയും അഭാവമാണ് ചില സുപ്രധാന മത്സരങ്ങൾ ഒഴിവാക്കാന്‍ കാരണം. അതേസമയം ജാവലിൻ ത്രോയിലെ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യൻഷിപ് വെള്ളി മെഡൽ ജേതാവുമായ ഇന്ത്യന്‍ ഹീറോ നീരജ് ചോപ്ര പരുക്ക് മൂലം പിന്‍മാറിയതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
54 രാജ്യങ്ങളാണ് ഇക്കുറി മത്സരരംഗത്തുളളത്. 18 ടെറിട്ടെറികളും പങ്കെടുക്കുന്നുണ്ട്. വനിതാ ട്വന്‍റി- 20 ക്രിക്കറ്റും , 3 x 3 ബാസ്കറ്റ് ബോളും ജൂഡോയും പുതിയ മത്സര ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 66 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. ഓസ്ട്രേലിയയും ഇംഗ്ളണ്ടുമായിരുന്നു ആദ്യ സ്ഥാനങ്ങളില്‍.