ഐപിഎൽ പോര് മുറുകുകയാണ്. മത്സരം അവസാന ലാപ്പിലേയ്ക്ക് അടുക്കുമ്പോൾ ഇന്ന് രണ്ടാം ക്വാളിഫയറിനായി ഒരുങ്ങുകയാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം. ശക്തരായ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദുമാണ് ഇന്ന് ഏറ്റുമുട്ടുക. ഫൈനൽ സീറ്റ് ഉറപ്പിക്കാനുള്ള പോരാട്ടത്തിനായി ഇരുടീമുകളും ഇറങ്ങുമ്പോൾ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ആവേശത്തിലാണ്. രാത്രി 7.30 മുതലാണ് മത്സരം ആരംഭിക്കുക.
ആദ്യ പകുതിയിലെ ജയത്തിന് ശേഷം ഏൽക്കേണ്ടി വന്ന തുടർച്ചയായ പരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് രാജസ്ഥാൻ ഇന്നിറങ്ങുക. എലിമിനേറ്ററിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി ക്വാളിഫയറിൽ സ്ഥാനമുറപ്പിച്ചതിന്റെ ആത്മവിശ്വാസവും സഞ്ജുവിനും സംഘത്തിനുമുണ്ട്. അതേസമയം പവർ ഹിറ്റേഴ്സിന്റെ കരുത്തിലാണ് പാറ്റ് കമിൻസും സംഘവും പ്ലേ ഓഫ് വരെ എത്തിയത്. തുടർന്നും ടീമിന്റെ കരുത്ത് തെളിയിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഹൈദരാബാദ് ഇന്നിറങ്ങുക.
അതേസമയം, ഇന്ന് മഴ പെയ്താൽ മത്സരം ഉപേക്ഷിക്കേണ്ടി വരും. അങ്ങനെ വന്നാൽ നാളെ റിസർവ് ഡേ ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും മഴ മൂലം കളി മുടങ്ങിയാൽ ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന ഹൈദരാബാദാണ് ഫൈനലിലേയ്ക്ക് കടക്കുക. എന്നാൽ ചെന്നൈയിൽ ഇന്ന് മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.