ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ലോക റാങ്കിങ്ങിൽ 3-ാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. 2771.35 പോയിന്റോടെ ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. 2021-ലെ ടോക്കിയോ ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നത്. നെതർലൻഡ്സ് (3095.90), ബെൽജിയം (2917.87) എന്നിവരാണ് റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
പോരാട്ടവീര്യം നിറഞ്ഞുനിന്ന ഫൈനൽ മൽസരത്തിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇതോടെ മലേഷ്യ ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തുതന്നെ തുടരും. കഴിഞ്ഞ തവണ ചാമ്പ്യൻമാരായ ദക്ഷിണ കൊറിയ 11-ാം സ്ഥാനത്തും പാക്കിസ്ഥാൻ 16-ാം സ്ഥാനത്തുമാണ്. അടുത്തമാസം ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസാണ് ഇന്ത്യ ലക്ഷ്യം വെച്ചിരിക്കുന്ന അടുത്ത മത്സരം.