ചെസിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെൻ്റിന് കൊടിയേറുന്നു. ഏപ്രിൽ നാല് മുതൽ 22 വരെ ടൊറന്റോയിലെ ദി ഗ്രേറ്റ് ഹാളിലാണ് ടൂർണമെന്റ് നടക്കുക. ഓപ്പൺ വിഭാഗത്തിലും (വനിതകൾക്കും പങ്കെടുക്കാം) വനിതാവിഭാഗത്തിലുമായി വ്യത്യസ്ത കാൻഡിഡേറ്റ്സ് മത്സരങ്ങളാണുള്ളത്.
വടക്കേ അമേരിക്കയിൽ നടത്തപ്പെടുന്ന ആദ്യത്തെ കാൻഡിഡേറ്റ്സ് മത്സരമാണ് ഈ വർഷത്തേത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 പേരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയുടെ കൗമാരതാരങ്ങളായ ഡി. ഗുകേഷ്, ആർ. പ്രഗ്‌നാനന്ദ എന്നിവർക്കൊപ്പം വിദിത് ഗുജറാത്തിയും ഓപ്പൺ വിഭാഗത്തിൽ മത്സരിക്കും. വനിതാവിഭാഗത്തിൽ കൊനേരു ഹംപിയും പ്രശ്നാനന്ദയുടെ സഹോദരി വൈശാലി രമേശ് ബാബുവും മത്സരരംഗത്തുണ്ട്.
ഓപ്പൺ വിഭാഗത്തിൽ യു.എസിൻ്റെ ഫാബിയാനോ കരുവാനെ, ഹികാരു നകാമുറ, ഫ്രാൻസിൻ്റെ ആലിറെസ ഫിറൗസ്, റഷ്യയുടെ ഇയാൻ നെപ്പോമ്‌നിഷി, അസർബെയ്ജാൻ നിജത് അബസോവ് എന്നിവർ മത്സരിക്കുന്നു. വനിതകളിൽ റഷ്യയുടെ അലക്‌സാൻഡ്ര ഗോര്യാച്‌കീന, ലെഗ്നോ കാറ്ററീന, ചൈനയുടെ ലെയ് ടിങ്‌ജി, താൻ ഷോംഗി, യുക്രൈന്റെ അന്ന മൂസിചുക്ക്, ബൾഗേറിയയുടെ നൂർഗ്യൂൾ സലിമോവ എന്നിവരും മത്സരരംഗത്തുണ്ട്.