ഏഷ്യാ കപ്പിന് മുന്നോടിയായി തിരിച്ചുവരവ് നടത്താനൊരുങ്ങി ബുമ്രയും ശ്രേയസും. പരിക്കുമൂലം നീണ്ടനാളായി പുറത്തു നിൽക്കുന്ന പേസർ ജസ്പ്രീത് ബുമ്രയും ബാറ്റർ ശ്രേയസ് അയ്യരും ഏഷ്യാ കപ്പിന് മുമ്പ് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ഇരുവരുടെയും മടങ്ങിവരവ് വാർത്ത ഇന്ത്യക്ക് ആശ്വാസമേകുകയാണ്.
അയർലന്റിനെതിരായ ടി20 പരമ്പരയിലാവും ബുമ്രയും ശ്രേയസും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇരുവരും ഉണ്ടാകില്ല. ഓഗസ്റ്റ് 31നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരിലാണ് ബുമ്ര അവസാനമായി കളിച്ചത്. പിന്നീട് നടുവിനുണ്ടായ പരിക്കിനേത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു താരം. ഇപ്പോൾ ചെറിയ രീതിയിൽ ബൗളിംഗ് പരിശീലനം ആരംഭിച്ച ബുമ്രയുടെ തിരിച്ചുവരവ് ആരാധകർക്ക് ആശ്വസമേകുന്നതാണ്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായത്. ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ശ്രേയസിന് ഇതേത്തുടർന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഐപിഎല്ലും നഷ്ടമായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകൻ കൂടിയായിരുന്നു ശ്രേയസ്. കളിക്കളത്തിലേക്കുള്ള കെ.എൽ രാഹുലിന്റെ മടങ്ങിവരവ് കഴിഞ്ഞ ദിവസം ആരാധകർ ആഘോഷമാക്കിയിരുന്നു. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം തുടങ്ങിയതിന്റെ ചിത്രങ്ങൾ രാഹുൽ തന്നെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. ലക്നൗ സൂപ്പർ ജയന്റ്സ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെയായിരുന്നു ലക്നൗ ക്യാപ്റ്റനായിരുന്ന രാഹുലിന്റെ തുടയ്ക്ക് പരിക്കേറ്റത്. തുടർന്ന് ലണ്ടനിൽ ശസ്ത്രക്രിയ നടത്തിയ ശേഷമാണ് താരം തിരിച്ചുവരാനൊരുങ്ങുന്നത്.