2023 ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പിൽ കരുത്തരായ ബ്രസീലിനും ജർമ്മനിക്കും ജയം. ബ്രസീൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് പനാമയെ തകർത്തപ്പോൾ ജർമ്മനി ആറ് ഗോളുകൾക്കാണ് മൊറോക്കോയെ കീഴ്പ്പെടുത്തിയത്. ശക്തരായ ഇരുരാജ്യങ്ങളും ആദ്യ മത്സരത്തിൽ വിജയിച്ചതോടെ ആവേശത്തിലായിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.
ഗ്രൂപ്പ് എഫിൽ നടന്ന പനാമയ്ക്കെതിരായ മത്സരത്തിൽ ബ്രസീലിനായി സൂപ്പർ താരം ആരി ബോർജസ് ഹാട്രിക്ക് നേടിയത് വലിയ ശക്തി പകർന്നു. 19, 39,70 മിനിറ്റുകളിലാണ് ബോർജസ് ഗോളുകൾ നേടിയത്. ഇതോടെ 2023 വനിതാ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേടിയ താരം എന്ന റെക്കോഡ് ബോർജസ് സ്വന്തമാക്കി. ബീറ്റ്റിസ് സനേറ്റോ ജാവോയാണ് ബ്രസീലിനായി നാലാം ഗോൾ സ്വന്തമാക്കിയത്. മൂന്ന് പോയന്റാണ് ടീമിനുള്ളത്.
ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ ജർമ്മനിയ്ക്ക് വേണ്ടി അലക്സാൻഡ്ര പോപ്പ് ഇരട്ടഗോൾ നേടി. ക്ലാര ബുഹ്ല്, ലിയ ഷൂളർ എന്നിവരും ഇതോടൊപ്പം ഗോളുകൾ കൈക്കലാക്കി. ഇതിന് പുറമെ ഹന്നെ ഐത് എൽ ഹാജിന്റെയും യാസ്മിൻ മിറാബെറ്റിന്റെയും സെൽഫ് ഗോളുകളും ടീമിന് കരുത്ത് പകർന്നു. ഇതോടെ ജർമ്മനി അക്കൗണ്ട് തുറക്കുകയായിരുന്നു. മൂന്ന് പോയന്റാണ് ടീമിനുള്ളത്.