ആശാൻ ഇവാൻ വുക്കൊമാനോവിച്ചിന് പകരക്കാരനെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായി സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറേ നിയമിതനായി. അടുത്ത സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്റ്റാറേയാണ് പരിശീലിപ്പിക്കുക. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകനാണ് സ്റ്റാറേ.
46 വയസുകാരനായ സ്റ്റാറേ രണ്ട് വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരാന്‍ സാധിച്ചതിലും ഏഷ്യയില്‍ തന്നെ പരിശീലകനായി തുടരാന്‍ കഴിയുന്നതിലും സന്തോഷമുണ്ടെന്ന് സ്റ്റാറേ പ്രതികരിച്ചു. പരിശീലകനായി 20 വർഷത്തെ പരിചയമുള്ള സ്റ്റാറേ സ്വീഡൻ, ഗ്രീസ്, ചൈന, നോർവെ, യുഎസ്, തായ്ലൻഡ് ലീഗുകളിലെ ടീമുകളെയാണ് മുമ്പ് പരിശീലിപ്പിച്ചിരുന്നത്. സ്വീഡിഷ് ക്ലബായ വാസ്‌ബി യുണൈറ്റഡിലൂടെ പരിശീലക വേഷമണിഞ്ഞ അദ്ദേഹം 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു.
എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾവെൻസ്‌കാൻ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെൻസ്‌ക കുപെൻ, സൂപ്പർകുപെൻ എന്നിവ നേടിയതും ഐഎഫ്കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ കുപെൻ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്.