ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഒളിമ്പ്യൻ സി.എ ഭവാനി ദേവി. ചൈനയിലെ വുഷിയിൽ നടക്കുന്ന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സാബ്ര ഇനത്തിൽ സെമിയിൽ കടന്നാണ് 29 കാരിയായ ഭവാനി ദേവി ചരിത്രത്തിലിടം നേടിയത്. 2020 ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ഭവാനി ഫെൻസിങിൽ ഒളിമ്പിക് യോഗ്യതനേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കരസ്ഥമാക്കിയിരുന്നു.
ക്വാർട്ടർ ഫൈനലിൽ ലോകചാമ്പ്യനായ ജപ്പാന്റെ മിസാകി എമുറയെ 15-10ന് തോൽപിച്ചാണ് ഭവാനി ദേവി സെമിയിലെത്തിയത്. ഇതോടെ വെങ്കലം ഉറപ്പായി. ഉസ്ബെക്കിസ്ഥാന്റെ സയ്നാബ് ഡായിബേക്കോവയാണ് സെമിയിൽ ഭവാനി നേരിടുക. ഈ മത്സരം വിജയിച്ചാൽ വെള്ളി മെഡൽ ഉറപ്പിച്ച് ഭവാനിക്ക് ഫൈനലിൽ മത്സരിക്കാൻ സാധിക്കും. തമിഴ്നാട് സ്വദേശിയാണ് താരം.