മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കി മാഞ്ചസ്‌റ്റർ സിറ്റിയുടെ സ്‌പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്ക്. സ്പെയിൻ ദേശീയ ടീമിനും മാഞ്ചസ്‌റ്റർ സിറ്റി ക്ലബ്ബിനും വേണ്ടി പുറത്തെടുത്ത മികവാണ് 28കാരൻ റോഡ്രിയെ തുണച്ചത്. ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് താരം.
അതേസമയം, വനിതാ താരത്തിനുള്ള പുരസ്കാരം സ്‌പാനിഷുകാരി ഐറ്റാനാ ബോൺമാറ്റി സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് ഐറ്റാനാ ബലോൻ ദ് ഓറിൽ മുത്തമിടുന്നത്.
ഡിഫൻസീവ് മിഡ്‌ഫീൽഡറെന്ന നിലയിൽ സ്പെയിനെ യൂറോ കപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച റോഡ്രി ടൂർണമെൻ്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ സിറ്റി തുടർച്ചയായ നാലാം തവണ ജേതാക്കളായപ്പോൾ റോഡ്രിയുടെ പങ്ക് പ്രധാനപ്പെട്ടതായിരുന്നു. ചാംപ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ നേഷൻസ് ലീഗ്, യൂറോ കപ്പ് എന്നിങ്ങനെ നാല് മേജർ ടൂർണമെന്റുകളിലെ മികച്ച താരം എന്ന അപൂർവ്വനേട്ടവും റോഡ്രി സ്വന്തമാക്കി.