ഗുസ്തിതാരം ബജ്റംഗ് പുനിയയെ സസ്പെന്റ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി. സോനിപത്തിൽ നടന്ന ട്രയൽസിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാലാണ് പുനിയയ്ക്കെതിരെ ഏജൻസി നടപടി സ്വീകരിച്ചത്.
ട്രയൽസിൽ രോഹിത് കുമാറിനോട് പരാജയപ്പെട്ട പുനിയ രോഷാകുലനായി ട്രയൽസ് നടന്ന സ്പോർട്സ് അതോറിറ്റി കേന്ദ്രത്തിൽ നിന്നിറങ്ങിപ്പോയിരുന്നു. മാർച്ച് പത്തിനാണ് സാംപിൾ നൽകാൻ പുനിയയോട് സമിതി ആവശ്യപ്പെട്ടത്. അത് ചെവിക്കൊള്ളാൻ പുനിയ തയ്യാറായില്ല. തുടർന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസിയെ (ഡബ്ല്യുഎഡിഎ) എൻഎഡിഎ വിവരം അറിയിക്കുകയും പിന്നീട് ഇരു ഏജൻസികളും ചേർന്ന് നടത്തിയ ചർച്ചകൾക്കൊടുവിൽ എൻഎഡിഎ ഏപ്രിൽ 23-ന് പുനിയയ്ക്ക് നോട്ടീസയക്കുകയും ചെയ്തു.
സസ്പെൻഷൻ പിൻവലിക്കുന്നതുവരെ പുനിയയ്ക്ക് ഏതെങ്കിലും ടൂർണമെന്റിലോ ട്രയൽസിലോ പങ്കെടുക്കാൻ സാധിക്കുകയില്ല. സസ്പെൻഷൻ തുടരുന്നപക്ഷം ഒളിമ്പിക്സിനുള്ള ട്രയൽസിൽ നിന്ന് പുനിയ മാറിനിൽക്കേണ്ടി വരും. ഇന്ത്യയിൽ യോഗ്യതാമാച്ചിൽ പരാജയപ്പെട്ടാലും സസ്പെൻഷൻ പിൻവലിച്ചാൽ ടോക്യോ ഒളിമ്പിക്സിലെ മെഡൽ ജേതാവ് എന്ന നിലയിൽ മേയ് 31-ന് നടക്കുന്ന ട്രയൽസിൽ പങ്കെടുക്കാൻ പുനിയയ്ക്ക് ക്ഷണം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടീസിന് മറുപടി നൽകാൻ പുനിയയ്ക്ക് ഇനിയും സമയമുണ്ട്. മെയ് ഏഴിനകം മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്.