പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ നിലനിർത്തി മലയാളി താരം എച്ച്.എസ്. പ്രണോയ്. പുരുഷ സിംഗിൾസ് ബാഡ്‌മിൻ്റണിലെ ആദ്യ മത്സരം വിജയത്തോടെയാണ് പ്രണോയ് ആരംഭിച്ചത്. ജർമനിയുടെ ഫാബിയൻ റോത്തിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് താരം തകർത്തത്. 21-18, 21-12 എന്ന സ്കോറിനാണ് ജയം.
ആദ്യ ഗെയിം 23 മിനിറ്റിലും രണ്ടാം ഗെയിം 22 മിനിറ്റിലും അവസാനിപ്പിച്ചു. ആകെ 45 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായാരുന്നു പ്രണോയിയുടെ ജയം. 2023-ൽ ബി.ഡബ്ല്യു.എഫ്. ലോക ടൂറിൽ കന്നിക്കിരീടം, ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം, ഏഷ്യൻ ഗെയിംസിൽ വെങ്കലം എന്നിവ പ്രണോയ് സ്വന്തമാക്കിയിരുന്നു.
അതേസമയം വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും ജയിച്ചിരുന്നു. മാലദ്വീപിന്റെ ഫാത്തിമത് അബ്‌ദുൽ റസാഖിനെതിരേ 30 മിനിറ്റ് പോലും സമയമെടുക്കാതെയാണ് സിന്ധുവിൻ്റെ ജയം. ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി രണ്ട് ഷൂട്ടർമാർ കൂടി ഫൈനലിൽ കടന്നു. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബബുത, വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ റമിത ജിൻഡൽ എന്നിവരാണ് മെഡൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. അർജുൻ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നും റമിത ഉച്ചയ്ക്ക് ഒന്നിനും ഫൈനലിന് ഇറങ്ങും.