2023 ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന് പിന്നാലെ വിവാദത്തിലകപ്പെട്ട് ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷ്. ലോകകപ്പ് കിരീടത്തിന് മുകളിൽ ഇരുകാലുകളും കയറ്റിവെച്ച് വിശ്രമിക്കുന്ന മിച്ചൽ മാർഷിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കിരീടം ചൂടിയതിന് തൊട്ടുപിന്നാലെയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തനിക്ക് ലഭിച്ച സ്വർണമെഡൽ കഴുത്തിൽ തൂക്കിയ മാർഷ് മുമ്പിൽ വെച്ചിരിക്കുന്ന ലോകകപ്പ് കിരീടത്തിന് മുകളിൽ ഇരുകാലുകളും കയറ്റിവെച്ചിരിക്കുന്നതാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. പിന്നാലെ ഇത് വിവിധ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്തു.
ഓസ്ട്രേലിയൻ ടീം അംഗങ്ങൾ ഹോട്ടൽ മുറിയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ എടുത്ത ചിത്രമാണിത്. മാർഷിൻ്റെ നടപടി ലോകകപ്പിനോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.