ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിലെ ആദ്യ മെഡൽ നേടി ഇന്ത്യ. വനിതകളുടെ ഷോട്ട് പുട്ട് മത്സരത്തിൽ 24-കാരിയായ കിരൺ ബലിയൻ ആണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ സ്വന്തമാക്കിയത്. 17.36 മീറ്റർ ദൂരം എറിഞ്ഞാണ് കിരൺ എഷ്യൻ ഗെയിംസിൽ വെങ്കലം ഉറപ്പിച്ചത്. ഷോട്ട് പുട്ടിൽ 72 വർഷത്തിന് ശേഷമാണ് ഇന്ത്യ ഷോട്ട് പുട്ടിൽ മെഡൽ സ്വന്തമാക്കുന്നത്. 19.58 മീറ്റര്‍ എറിഞ്ഞ ചൈനയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ലിജിയാവോ ഗോങ്ങാണ് സ്വര്‍ണം സ്വന്തമാക്കിയത്. 18.92 മീറ്ററോടെ ചൈനയുടെതന്നെ ജിയായുവാന്‍ സോങ് വെള്ളിയും നേടി.
ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 33 ആയി ഉയർന്നു. നിലവിൽ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. എട്ട് സ്വർണവും 12 വെള്ളിയും 13 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇന്നലെ ഇന്ത്യൻ താരങ്ങൾ വൻ മെഡൽ നേട്ടമായിരുന്നു നടത്തിയത്. രണ്ട് സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ എട്ട് മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതിൽ അഞ്ച് മെഡലുകളും ഷൂട്ടിങ് വിഭാഗത്തിലാണ്.