ഖത്തർ ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൻെറ ടിക്കറ്റ് വിൽപനക്ക് ചൊവ്വാഴ്ച തുടക്കമാകും. ലോകകപ്പ് ഫുട്ബോളിന്റെ മികച്ച സംഘാടന മികവിന് ലോകം ആദരം അർപ്പിച്ചതിന് പിന്നാലെയാണ് ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരവും ഖത്തറിനെ തേടിയെത്തിയത്. 25 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് ഏഷ്യൻകപ്പ് ഫുട്ബാൾ പ്രാദേശിക സംഘാടക സമിതി ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഓൺലൈൻ വഴിയായിരിക്കും ടിക്കറ്റ് വിൽപന.
നാലു കാറ്റഗറികളിലായി ടിക്കറ്റുകൾ ലഭ്യമാകും. ഖത്തറിലെയും വിദേശ രാജ്യങ്ങളിലെയും ആരാധകർക്ക് ഓൺലൈൻ വഴി ടിക്കറ്റുകൾ സ്വന്തമാക്കാം. മാത്രമല്ല ഏറ്റവും കുറഞ്ഞ നിരക്കിൽ ഏഷ്യൻ കപ്പ് മത്സരങ്ങൾ കാണാനുള്ള അവസരമാണ് ഖത്തർ ഒരുക്കുന്നതെന്ന് സംഘാടകസമിതി മാർക്കറ്റിങ് ആൻറ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റബിഅ അൽ കുവാരി പറഞ്ഞു. മറ്റു ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചൊവ്വാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. https://afc.hayya.qa/en എന്ന ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.