ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായി ഏഴു വയസുകാരൻ മുഹമ്മദ് ഷെയാൻ. എട്ടു വയസിന് തഴെയുള്ളവർക്കായി ജോർജിയയിൽ നടന്ന വേൾഡ് കേഡറ്റ് ആന്റ് യൂത്ത് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിലാണ് ഷെയാൻ കിരീടം ചൂടിയത്. ചെസ് ഫെഡറേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 20 രാജ്യങ്ങളിലെ 62 വിദ്യാർത്ഥികളായിരുന്നു മത്സരിച്ചത്. അവരുടെ വെല്ലുവിളികളെ അനായാസം മറികടന്നാണ് ഷെയാൻ വിജയം കൊയ്തത്.
ഇസ്രായേൽ, വിയറ്റ്നാം, സ്കോട്ട്ലന്റ്, ഉസ്ബകിസ്താൻ, തുർക്മെനിസ്താൻ, കസാകിസ്താൻ എന്നീ രാജ്യങ്ങളിലെ താരങ്ങളോടാണ് ഷെയാൻ എറ്റുമുട്ടിയത്. ഇന്ത്യൻ ചെസ് ഗ്രാന്റ് മാസ്റ്റർ നിഹാൽ സരിന് ശേഷം കേരളത്തിന്റെ പുതിയ പ്രതീക്ഷയാണ് ഈ ബാലൻ. 2022 സെപ്റ്റംബറിലാണ് ഷെയാൻ ആദ്യമായി ചെസ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇതുവരെ 47 ടൂർണമെന്റുകളിൽ താരം മത്സരിച്ചു കഴിഞ്ഞു.
ദുബായിൽ കുടുംബസമേതം താമസിക്കുന്ന പാലക്കാട് സ്വദേശിയായ നൗഷാദ് ഇബ്രാഹിമിന്റെയും സജ്ന നൗഷാദിന്റെയും രണ്ട് മക്കളിൽ ഇളവനാണ് ഷെയാൻ. മൂന്നു വയസുള്ളപ്പോൾ തുടങ്ങിയതാണ് ഷെയാന് ചെസ് ബോർഡിനോടുള്ള താത്പര്യം. മാതാപിതാക്കൾ ചെസ് കളിക്കുന്നത് കണ്ടാണ് ഷെയാൻ ചെസ് കളിയിലേക്കെത്തുന്നത്. ചെസ് ബോർഡിനോടുള്ള മകന്റെ താൽപര്യം തിരിച്ചറിഞ്ഞ മാതാപിതാക്കൾ കൃത്യമായ പരിശീലനവും നല്കി. ദുബായ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഷെയാൻ.