എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന് ഇന്ന് തുടക്കം. ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഖത്തറും ലെബനനും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻസമയം ഇന്ന് രാത്രി 9.30-നാണ് മത്സരം ആരംഭിക്കുക.
നിലവിലെ ചാമ്പ്യന്മാരായ ഖത്തറും ആദ്യമായി നോക്കൗട്ട് റൗണ്ട് സ്വപ്നംകാണുന്ന ലെബനനും തമ്മിലുള്ള പോരാട്ടത്തിനായി ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ലെബനനെ നേരിടുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഖത്തർ ദേശീയ ഫുട്ബോൾ ടീം അറിയിച്ചു. ഖത്തറും ലെബനനും ഗ്രൂപ്പ് എയിലാണ് മത്സരിക്കുന്നത്. ചൈന, താജികിസ്ഥാൻ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
പുതിയതായി ചുമതലയേറ്റ സ്പാനിഷുകാരനായ ബർത്തലോമി ലോപ്പസിന്റെ കീഴിലാണ് ഖത്തർ കളത്തിലിറങ്ങുന്നത്. അതേസമയം, ക്യാപ്റ്റൻ ഹസ്സൻ മാറ്റൂകിയാണ് ഇത്തവണയും ലെബനനെ നയിക്കുക. ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ 18-ാമത് പതിപ്പിൽ ഏഷ്യയിൽ നിന്നുള്ള 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഫെബ്രുവരി 10 വരെയാണ് ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുക.