ഫുട്ബോൾ ഇതിഹാസ താരവും സൗദി അൽനസ്ർ ക്ലബ് പ്രധാന കളിക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ റിയാദിൽ മ്യൂസിയം ഒരുങ്ങുന്നു. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന നാലാമത് റിയാദ് സീസൺ-2023ലാണ് താരത്തിന്റെ മ്യൂസിയം തയ്യാറാകുന്നത്. റൊണാൾഡോയുടെ അനുഭവങ്ങളും ജീവിതകഥകളും ട്രോഫികളും വ്യക്തിഗത സ്മരണികകളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
റിയാദ് സീസൺ ആരംഭിക്കുന്ന ഒക്ടോബർ 28-നുതന്നെ മ്യൂസിയം തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. താരം തന്നെയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്യുകയെന്ന് സംഘാടകർ അറിയിച്ചു. റൊണാൾഡോയുടെ വരവോടെ സൗദി ക്ലബ് ഫുട്ബോൾ രാജ്യാന്തര ശ്രദ്ധയിലേയ്ക്ക് ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായി ലോകോത്തര താരങ്ങൾ ഉൾപ്പെടെ സൗദി ക്ലബ്ബുകളിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു.