മറുനാട്ടിലെ മലയാളി ക്രിക്കറ്റ് ക്യാപ്റ്റൻ

Date:

Share post:

‘മനുഷ്യന്റെ ഉള്ളിലെ ആവേശത്തെ രാജ്യത്തിന്റെ അതിർത്തികൾക്കുള്ളിൽ തളച്ചിടാൻ സാധിക്കില്ല. വിജയിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ ലോകത്തിന്റെ ഏത് കോണിലും അവൻ തഴച്ചുവളരാൻ ശ്രമിക്കും. കഴിവിന്റെ പിൻബലത്തിൽ, ആരാലും തടുക്കാൻ കഴിയാതെ’. ഇതൊരു വാസ്തവമാണ്. മറ്റൊരു നാട്ടിൽ ചെന്നാൽ പണം സമ്പാദിക്കുക എന്നതിന് പ്രാധാന്യം നൽകുന്ന ഇന്നത്തെ കാലത്ത് നമ്മുടെ സ്വപ്നങ്ങൾ മറുനാട്ടിൽ വെച്ചും നേടാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളിയായ സി.പി റിസ്വാൻ.

യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിൽ ആദ്യമായി ക്യാപ്റ്റനായ മലയാളി താരം. അതെ, കേരളക്കരയുടെ അഭിമാനം. ഒരിക്കലും സാധിക്കില്ല എന്ന് പലരും പറഞ്ഞിട്ടും തന്റെ ഉള്ളിലെ ക്രിക്കറ്റിനോടുള്ള താത്പര്യം കൈവിടാതെ കഠിനാധ്വാനം ചെയ്താണ് റിസ്വാൻ 2022-ൽ ഈ നേട്ടം കൈവരിച്ചത്. 2022-ലെ ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളുടെ നായകനായി അരങ്ങേറ്റം കുറിച്ച റിസ്വാൻ അതേവർഷം ടി20 ലോകകപ്പിലും യുഎഇയെ മുന്നിൽ നിന്ന് നയിച്ചു. ആദ്യമായി യുഎഇ ക്രിക്കറ്റ് ലോകകപ്പിൽ ക്യാപ്റ്റനാകുന്ന മലയാളി താരമെന്ന റെക്കോർഡും ഇതോടെ കണ്ണൂർ തലശേരിക്കാരനായ റിസ്വാൻ തന്റെ പേരിൽ എഴുതിച്ചേർത്തു.

ക്രിക്കറ്റ് കരിയർ

ചെറുപ്പം മുതൽ ക്രിക്കറ്റിനോട് അതിയായ ആവേശമായിരുന്നു റിസ്വാന്. കിട്ടുന്ന അവസരങ്ങളിലെല്ലാം ക്രിക്കറ്റ് ബാറ്റും ബോളുമായി കളിക്കളത്തിലിറങ്ങിയിരുന്ന റിസ്വാന്റെ ഏറ്റവും വലിയ ആ​ഗ്രഹം ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുക എന്നതായിരുന്നു. അതിന് വേണ്ടി കഠിനമായി താരം പ്രവർത്തിക്കുകയും ചെയ്തിരുന്നു. ലെഗ് സ്പിന്നറായും ബാറ്റ്സ്മാനായും മികവ് തെളിയിച്ച റിസ്വാൻ, ബ്രിട്ടീഷ് രാജ് മുതലുള്ള ക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന തലശേരിയിൽ നിന്നാണ് പയറ്റിത്തെളിഞ്ഞത്.

ക്രിക്കറ്റിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം അണ്ടർ 19, അണ്ടർ 23 തലങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയിരുന്നു. കേരള ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും റിസ്വാൻ ഉൾപ്പെട്ടിരുന്നു. എന്നാൽ തന്റെ സ്വപ്നങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരു ജോലി ആവശ്യമായി വന്നതോടെ അദ്ദേഹം എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കുന്നതിന് വേണ്ടി കായികരംഗത്ത് നിന്ന് ഇടവേള എടുക്കാൻ തീരുമാനിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം തന്റെ പാഷനെ പിൻതുടരാൻ ശ്രമിച്ച റിസ്വാന് പിന്നീട് ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചില്ല എന്നതാണ് വാസ്തവം.

നിരവധി തവണ കളിക്കളത്തിൽ മാറ്റുരച്ചെങ്കിലും സീനിയർ തലത്തിൽ വിജയം ആവർത്തിക്കാൻ റിസ്വാന് സാധിച്ചില്ല. എന്നാൽ പിന്നീട് രഞ്ജി ട്രോഫി ടീമിൽ ഇടം നേടിയെങ്കിലും ബെഞ്ചിൽ മാത്രമൊതുങ്ങാനായിരുന്നു താരത്തിന്റെ വിധി. പിന്നീടങ്ങോട്ട് തന്റെ സ്വപ്നങ്ങളെ ഉള്ളിലൊതുക്കിയായിരുന്നു അദ്ദേഹം ജീവിച്ചത്.

യുഎഇയിലേയ്ക്കുള്ള കുടിയേറ്റവും ക്രിക്കറ്റിലെ വളർച്ചയും

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംങ് ബിരുദധാരിയായ റിസ്വാൻ മെച്ചപ്പെട്ട ജീവിതം തിരഞ്ഞെടുക്കുന്നതിന്റെ ഭാ​ഗമായി മറ്റെല്ലാവരെയും പോലെ കേരളം വിടാൻതന്നെ തീരുമാനിച്ചു. അങ്ങനെ 2014ൽ ഷാർജയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് കുടുംബത്തോടൊപ്പം യുഎഇയിലേയ്ക്ക് കുടിയേറുകയും ചെയ്തു. എന്നാൽ ജോലിക്കിടയിലും തന്റെയുള്ളിലെ സ്വപ്നത്തെ അദ്ദേഹം പിൻതുടർന്നുകൊണ്ടേയിരുന്നു. യുഎഇയിലേയ്ക്കുള്ള കുടിയേറ്റം റിസ്വാന്റെ ക്രിക്കറ്റ് കരിയറിന് പുതിയ ഉണർവ് നൽകി എന്ന് പറയുന്നതാകും ശരി.

 

ലഭിക്കുന്ന ചെറിയ അവസരങ്ങൾ പോലും അതിയായ താത്പര്യത്തോടെ ക്രിക്കറ്റിനായി മാറ്റിവെച്ച അദ്ദേഹത്തെ യുഎഇ പിൻതാങ്ങി എന്ന് വേണം പറയാൻ. ക്രിക്കറ്റിനെ അത്രമേൽ സ്നേഹിച്ച താരത്തിന് സ്വന്തം നാട്ടിൽ ലഭിക്കാതെപോയ അവസരങ്ങൾ ​​ഗൾഫ് ലോകം സമ്മാനിക്കുകയായിരുന്നു. യുഎഇയിലെ ആഭ്യന്തര മത്സരങ്ങളിൽ യോഗി ഗ്രൂപ്പ്, ബുഖാതിർ ഇലവൻ, ഇന്റർഫേസ് തുടങ്ങിയ ടീമുകൾക്കായി മികച്ച പ്രകടനം കാഴ്ചവെച്ചതോടെ യുഎഇ ദേശീയ ടീമിലേക്കുള്ള വാതിലുകളും അദ്ദേഹത്തിന് മുന്നിൽ തുറന്നു. നാല് വർഷത്തേക്ക് യുഎഇയിൽ താമസിക്കണമെന്ന നിബന്ധന പൂർത്തിയാക്കിയ ശേഷം, 2019 ജനുവരിയിൽ നേപ്പാളിനെതിരായ ഏകദിനത്തിൽ യുഎഇക്കായി അദ്ദേഹം കളത്തിലിറങ്ങി.

ഇതേ പരമ്പരയിൽ തന്നെ ട്വന്റി-20യിലും റിസ്വാൻ തന്റെ വരവറിയിച്ചു. 29 ഏകദിനങ്ങളിലായി 736 റൺസാണ് താരം സ്വന്തമാക്കിയത്. 15 ട്വന്റി-20കളിലായി 263 റൺസും സാമ്പാദിച്ചു. 2021 ജനുവരി എട്ടിന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ് അടിച്ചെടുത്ത റിസ്വാന്റെ പ്രകടനം ലോക ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. ഏകദിന മത്സരത്തിൽ താരത്തിന്റെ ആദ്യ സെഞ്ച്വറിയും അതായിരുന്നു. ബാറ്റ്സ്മാൻ എന്നതിലുപരി അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന മികച്ചൊരു ബൗളർ കൂടിയാണ് താനെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുമുണ്ട്.

അങ്ങനെ എട്ട് വർഷത്തെ തന്റെ പ്രവാസ ജീവിതത്തിന് ശേഷം 2022 ഓ​ഗസ്റ്റിൽ ആ നേട്ടം റിസ്വാൻ സ്വന്തമാക്കി. യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ക്യാപ്റ്റൻ! ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായി അതോടെ അദ്ദേഹം മാറി. ഇതിനിടെ കേരളത്തിൽ തപാൽ വകുപ്പിൽ ജോലി ലഭിച്ച റിസ്വാന് നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചെങ്കിലും ക്രിക്കറ്റിനോടുള്ള താത്പര്യത്താൽ യുഎഇ വിടാൻ താരത്തിന് മനസുവന്നില്ല. നാടിനെ ഒരുപാട് സ്നേഹിച്ചിരുന്നെങ്കിലും തന്റെ സ്വപ്നത്തെ ഒരിക്കൽകൂടി കൈവിടാൻ ആ​ഗ്രഹമില്ലാതിരുന്ന റിസ്വാന് യുഎഇ നൽകിയ വിലമതിക്കാനാകാത്ത സമ്മാനം തന്നെയായിരുന്നു നായകന്റെ പദവി.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...