ഭാ​ഗ്യനിർഭാ​ഗ്യങ്ങൾക്ക് മുന്നിൽ തഴയപ്പെട്ട മലയാളി ക്രിക്കറ്റർ

Date:

Share post:

ക്രിക്കറ്റ് പലപ്പോഴും അങ്ങനെയാണ്. എത്രയൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് പറഞ്ഞാലും ഒരുപക്ഷേ ഭാ​ഗ്യനിർഭാ​ഗ്യങ്ങളാണ് കരിയർ തീരുമാനിക്കുന്നത്. കഴിവുണ്ടായിട്ടും എങ്ങുമെത്താതെ, കളിക്കളത്തിന് മുമ്പിൽ നിരാശരായി നിന്ന എത്രയോ താരങ്ങളുടെ കണ്ണീരിന് സാക്ഷ്യം വഹിച്ചതാണ് ക്രിക്കറ്റ് ലോകം. ആരോടും പരാതി പറയാതെ വിധിയെ പഴിച്ച് കളത്തിൽ നിന്ന് പടിയിറങ്ങിയവർ.. അക്കൂട്ടത്തിൽ ഒരാളാണ് മലയാളികളുടെ അഭിമാനമായ, കേരള ടീം ക്യാപ്റ്റനായിരുന്ന കെ.എൻ അനന്തപത്മനാഭൻ.

ഇന്ത്യൻ ജേഴ്‌സിയിൽ തന്റെ പ്രതിഭ തെളിയിക്കാൻ ഭാഗ്യം ലഭിക്കാതെപോയ താരമാണ് അനന്തപത്മനാഭൻ. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം പുറത്തെടുത്തിട്ടും ദേശീയ ടീമിൽ അദ്ദേഹത്തിന് ഇടം പിടിക്കാനായില്ല. സെലക്ടർമാരുടെ തീരുമാനത്തിന് മുന്നിൽ കരിയർ അസ്തമിച്ചുപോയ താരം എന്ന് വേണമെങ്കിൽ പറയാം. അനിൽ കുംബ്ലെ എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്‌പിന്നറെ മാറ്റി നിർത്താൻ സെലക്‌ടർമാർ തയ്യാറാകാതിരുന്നപ്പോൾ ഇല്ലാതായത് അനന്തപത്മനാഭന്റെ, അല്ല കേരളത്തിന്റെ തന്നെ പ്രതീക്ഷകളായിരുന്നു. എന്നാൽ കാലം കരുതിവെച്ചത് മറ്റൊന്നായിരുന്നു. കളത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തന്റെ 50-ാം വയസിൽ ഐ.സി.സി അംപയറിംഗ് പാനലിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

എക്കാലത്തെയും മികച്ച പ്രകടനം

അനന്തപത്മനാഭന്റെ കരിയറിലെ മികച്ച പ്രകടനം എന്ന നിലയിൽ ഒന്ന് തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടാണ്. കാരണം, അദ്ദേഹത്തിന്റെ കരിയർ ​ഗ്രാഫ് ഏതെങ്കിലും ഒരു കളിയിൽ മാത്രമൊതുങ്ങുന്നതല്ല. മറിച്ച് കളത്തിലിറങ്ങിയാൽ എതിർ ടീമിനോട് ഒത്തുതീർപ്പിന് തയ്യാറാകാത്ത പ്രതിഭാശാലിയായിരുന്നു അദ്ദേഹം. എങ്കിലും 1998 മാർച്ചിൽ ജംഷഡ്പൂരിലെ കീനൻ സ്റ്റേഡിയത്തിൽ ഇന്ത്യ എ ടീമും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിലെ അനന്തപത്മനാഭന്റെ പ്രകടനം മലയാളി ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാകില്ല.

അന്ന് ഓസീസിൻ്റെ സൂപ്പർ താരങ്ങളായ സ്റ്റീവ് വോ, ഡാരെൻ ലേമാൻ, റിക്കി പോണ്ടിങ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയത് മലയാളികളുടെ ആവേശമായ ഇതേ ലെഗ് സ്പിന്നറായിരുന്നു. അതുമാത്രമല്ല, പാക്കിസ്ഥാനെതിരെ കൊച്ചിയിൽ വെച്ച് നടന്ന ഇന്ത്യ എ ടീം മത്സരത്തിൽ അനന്തപത്മനാഭന്റെ തീതുപ്പുന്ന ബൗളിങ്ങിന് മുന്നിൽ തെറിച്ചുവീണത് അഞ്ച് ബാറ്റ്സ്മാൻമാരാണ്. 1997-98 സീസണിൽ നടന്ന ചലഞ്ചർ ട്രോഫിയിൽ ഇന്ത്യൻ സീനിയേഴ്സ് ടീമിന്റെ അഞ്ച് താരങ്ങൾ ഇതേ മലയാളി ലെഗ് സ്‌പിന്നറുടെ മുമ്പിൽ മുട്ടുകുത്തി. അങ്ങനെ നിരവധി കളിക്കളങ്ങളിൽ അദ്ദേഹത്തിന്റെ മികവിനാൽ കളിയുടെ ​ഗതി തന്നെ മാറിയിട്ടുണ്ട്.

കരിയറിലെ വളർച്ച

ഒരു വലംകയ്യൻ ലെഗ് സ്പിൻ ബൗളറായിരുന്ന അനന്തപത്മനാഭൻ ലെഗ് ബ്രേക്കും ഗൂഗ്ലിയും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് പലപ്രാവശ്യം തെളിയിച്ചിട്ടുള്ള താരമാണ്. 1988-ൽ ഹൈദരാബാദിനെതിരെയായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അനന്തപത്മനാഭന്റെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് തന്റെ കരിയർ ​ഗ്രാഫ് ഉയർത്തിയ അദ്ദേഹം ലിസ്റ്റ് എ ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സ്ഥിരതയാർന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.


ഏറെക്കാലം കേരള ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ നട്ടെല്ലായിരുന്ന അനന്തപത്മനാഭൻ 105 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നായി 344 വിക്കറ്റുകളാണ് വീഴ്ത്തിയത്. രഞ്ജി ട്രോഫിയിൽ കേരളത്തിൻ്റെ പല വിജയങ്ങളുടെ പിന്നിലും ചുക്കാൻ പിടിച്ചത് അദ്ദേഹമായിരുന്നു. രഞ്ജിയിൽ 57 റൺസ് വിട്ടുകൊടുത്തത് എട്ട് വിക്കറ്റെടുത്തതാണ് താരത്തിന്റെ മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നത്. ബാറ്റിങ്ങിലും മികവ് തെളിയിച്ച അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഒരു ഇരട്ട സെഞ്ച്വറിയടക്കം മൂന്ന് സെഞ്ച്വറിയും എട്ട് അർധസെഞ്ച്വറിയുമാണുള്ളത്. കളിച്ച മത്സരങ്ങളിൽ നിന്നായി 2,891 റൺസ് നേടിയ താരം 54 ലിസ്റ്റ് എ ക്രിക്കറ്റിൽ നിന്നായി 493 റൺസും 87 വിക്കറ്റും തന്റെ പേരിൽ എഴുതിച്ചേർത്തു. 2004-ൽ ജമ്മു കശ്‌മീരിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ അവസാന മത്സരം.

കേരളത്തിനൊപ്പമുള്ള ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം അനന്തപത്മനാഭൻ 2008 മുതൽ അംപയറായി ആഭ്യന്തര മത്സരങ്ങൾ നിയന്ത്രിക്കുന്നതാണ് ആരാധകർ പിന്നീട് കണ്ടത്. 2015 മുതൽ തുടർച്ചയായി രണ്ട് വർഷം രഞ്ജി ട്രോഫിയിലെ സെമി ഫൈനൽ മത്സരങ്ങളിൽ അംപയറുടെ റോളിൽ തിളങ്ങിനിന്ന താരം രഞ്ജിയിൽ 71 മത്സരങ്ങളാണ് മികച്ച രീതിയിൽ നിയന്ത്രിച്ചത്. ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, ഇന്ത്യ എ ടീം സീരിയസ് 2018-19, സയ്യിദ് മുഷ്‌താഖ് അലി ട്രോഫി, വനിതാ ലിസ്റ്റ് എ, വനിതാ ടി20, അണ്ടർ 19 ഏകദിനം എന്നിവ ഉൾപ്പെടെ നിരവധി കളിക്കളങ്ങളിൽ അദ്ദേഹം അംപയറായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നാലാം അംപയറായെത്തിയ അനന്തപത്മനാഭൻ 2016-ലാണ് ആദ്യമായി ഐ.പി.എൽ മത്സരത്തിൽ ഗ്രൗണ്ട് അംപയറായി കളംനിറഞ്ഞത്. എങ്കിലും തങ്ങളുടെ ഇഷ്ടതാരത്തിന് ഇന്ത്യൻ ജേഴ്സി അണിയാൻ ഭാ​ഗ്യം ലഭിച്ചില്ല എന്ന ദു:ഖം മലയാളികളെ അലട്ടിക്കൊണ്ടിരുന്നു. എന്നാൽ ഇതിന് അല്പം ശമനമുണ്ടാക്കുന്നതായിരുന്നു 2020ൽ ഐ.സി.സിയുടെ തീരുമാനം. 50-ാം വയസിൽ അങ്ങനെ അദ്ദേഹം ഐ.സി.സി അംപയറിംഗ് പാനലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഐ.സി.സിയുടെ അന്താരാഷ്ട്ര പാനലിലെത്തുന്ന നാലാമത്തെ മലയാളിയായി അനന്തപത്മനാഭൻ മാറി.

കരിയറിലെ ഇരുണ്ട നാളുകൾ

ഭാ​ഗ്യനിർഭാ​ഗ്യങ്ങളുടെ പേരിൽ ദേശീയ ടീമിൽ ഇടംലഭിക്കാതെ പോയ അനന്തപത്മനാഭനെ ഇന്നും കേരളക്കര ഓർത്തിരിക്കാൻ കാരണമൊന്നേയുള്ളു, ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തന്നെ. രണ്ട് തവണയാണ് അദ്ദേഹത്തിന് ഇന്ത്യൻ ടീം എന്ന സ്വപ്നം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത്. 1997-98 സീസണിൽ ചലഞ്ചർ ട്രോഫിയിലെ താരത്തിന്റ പ്രകടനം കണ്ട് മലയാളികൾ ഒന്നടങ്കം അദ്ദേഹം ഇന്ത്യക്കായി അരങ്ങേറുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ മുംബൈക്കാരനായ സായ്‌രാജ് ബഹുതുലെ അനന്തപത്മനാഭനെ മറികടന്ന് ഇന്ത്യൻ ടീമിൽ ഇടംപിടിക്കുകയായിരുന്നു. മെച്ചപ്പെട്ട ബാറ്റ്സ്മാനെന്ന ആനുകൂല്യത്തിലാണ് ബഹുതുലെ അനന്തപത്മനാഭനെ പിന്നിലാക്കിയതെന്ന് മുഖ്യ സെലക്‌ടർ പിന്നീട് വെളിപ്പെടുത്തി.

പിന്നീടാണ് അനിൽ കുംബ്ലെ എന്ന ഇതിഹാസ സ്‌പിന്നർ അനന്തപത്മനാഭൻ്റെ ഇന്ത്യൻ ടീമിലേയ്ക്കുള്ള പ്രവേശനത്തിന് തടസമാകുന്നത്. കുംബ്ലെയും അനന്തപത്മനാഭനും ഒരേ സമയത്താണ് കളി ആരംഭിക്കുന്നത്. ഒരിന്നിങ്സിൽ പത്ത് വിക്കറ്റ് നേടി കുംബ്ലെ ചരിത്രമെഴുതിയതോടെ മലയാളി താരം എന്നെന്നേക്കുമായി തഴയപ്പെട്ടു. അനിൽ കുംബ്ലെയെന്ന താരത്തെ മാറ്റിനിർത്താൻ അന്ന് സെലക്‌ടർമാർ തയ്യാറായിരുന്നില്ല എന്നതാണ് വാസ്തവം. അതോടെ അനന്തപദ്‌മനാഭന് തന്റെ പ്രതിഭയെ ദേശീയ ജേഴ്‌സിയിൽ പ്രദർശിപ്പിക്കാനും സാധിച്ചില്ല.

എന്നാൽ ഇതിലൊന്നും ഒരിക്കലും ആരോടും പരിഭവം കാണിച്ചില്ല ഈ തിരുവന്തപുരം സ്വദേശി. ‘നമുക്കുള്ളതാണെങ്കിൽ അത് എത്ര വൈകിയാലും നമുക്കുതന്നെ കിട്ടും എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ക്രിക്കറ്റ് താരമെന്ന നിലയിൽ അന്താരാഷ്ട്ര മത്സരം കളിക്കാനായില്ലെങ്കിലും അമ്പയർ എന്ന നിലയിൽ ഞാൻ അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുകയാണ്. അതിൽ ഞാൻ സംതൃപ്തനാണ്’ എന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. അതെ, അതാണ് ശരി. കാലം എല്ലാത്തിനും സാക്ഷിയാണ്…

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...