ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ആദ്യ മലയാളി താരമെന്ന നേട്ടം തന്റെ പേരിൽ എഴുതിച്ചേർത്തയാൾ, നിർണായകമായ പല മുഹൂർത്തങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി വിജയത്തിന് ചുക്കാൻ പിടിച്ചയാൾ, കളത്തിലെ പ്രകടനങ്ങൾകൊണ്ട് കയ്യടികളും അതേസമയം പഴികളും ഏറ്റുവാങ്ങിയയാൾ… എസ്. ശ്രീശാന്ത്, മലയാളികളുടെ സ്വന്തം ‘ശ്രീ’.
കളിക്കളത്തിൽ ഷോ കാണിക്കുന്ന താരം, ബാറ്റ്സ്മാൻമാർ കൂടുതൽ സ്കോർ ചെയ്യുമ്പോൾ പിച്ചിൽ അഗ്രസീവാകുന്ന താരം, കളിക്കളത്തിലെ വികാരാധീനനായ താരം, സ്ലഡ്ജിങ്ങിന് പേരുകേട്ട താരം… അങ്ങനെ ക്രിക്കറ്റ് കരിയറിൽ ശ്രീശാന്തെന്ന കളിക്കാരൻ അറിയപ്പെടുന്നത് തന്റെ മികച്ച പ്രകടനങ്ങളേക്കാൾ ഇത്തരം കാര്യങ്ങൾകൊണ്ടാണ്. ആർക്കും തള്ളിപ്പറയാൻ കഴിയാത്തത്ര മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും ഓവർ റിയാക്ഷനും അഗ്രസീവായ പെരുമാറ്റവും ശ്രീശാന്തിനെ പലർക്കുമിടയിൽ നെഗറ്റീവ് കഥാപാത്രമാക്കി മാറ്റി.
വളരെ പെട്ടെന്ന് ആളിക്കത്തുകയും അതേവേഗതയിൽ അണയുകയും ചെയ്ത ക്രിക്കറ്റ് കരിയറായിരുന്നു ശ്രീശാന്തിന്റേത്. അധികമൊന്നും ആയുസില്ലാതിരുന്ന ശ്രീശാന്തിന്റെ അന്താരാഷ്ട്ര കരിയറിൽ ഒരു പേസ് ബൗളറാണ് താനെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കുന്ന നിരവധി പ്രകടനങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യ തോൽക്കുമെന്ന് എല്ലാവരും ഉറച്ചുവിശ്വസിച്ച മാച്ചുകളിൽ പൂപറിക്കുന്ന ലാഘവത്തോടെ ഇന്ത്യയെ വിജയത്തിലേയ്ക്ക് കുതിപ്പിച്ച ചരിത്രവുമുണ്ട് ഈ താരത്തിന്. എത്രയൊക്കെ അഗ്രസീവാണ് എന്ന് പറഞ്ഞാലും ശ്രീശാന്തെന്ന പ്രതിഭയുടെ മികവുറ്റ പോരാട്ടം പലപ്പോഴും ഇന്ത്യക്കാർക്ക് ആശ്വാസവും ആവേശവുമായിരുന്നു.
കളിക്കളത്തിലെ മികച്ച പ്രകടനം
ഗ്യാലറിയെയും കമൻ്റേറ്റർമാരെയും ഒരേപോലെ ആവേശത്തിലാഴ്ത്താൻ കഴിവുള്ള താരമാണ് ശ്രീശാന്ത്. പരാജയത്തിന്റെ പടുകുഴിലിലേയ്ക്ക് വീഴുമെന്ന് ഉറപ്പിച്ച ഇന്ത്യൻ ടീമിനെ ഫിനിക്സ് പക്ഷിയേപ്പോലെ ഉയർത്തെഴുന്നേൽക്കാൻ പ്രാപ്തമാക്കിയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് ഈ മലയാളി താരം. ഒന്നല്ല, പലപ്രാവശ്യം.
ഇന്ത്യ ആദ്യ ട്വന്റി20 ലോകകപ്പിൽ കിരീടമുയർത്തിയപ്പോൾ അതിൽ ശ്രീശാന്തിന്റെ പ്രകടനം എടുത്തുപറയേണ്ടത് തന്നെയായിരുന്നു. സെമി ഫൈനലിൽ ശക്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതിൽ ശ്രീശാന്തിന് വലിയ പങ്കുണ്ടായിരുന്നു. തന്റെ കരിയറിലെ മികച്ച പ്രകടനമെന്ന് ശ്രീശാന്ത് തന്നെ പിന്നീട് പറഞ്ഞിട്ടുള്ള ആ മത്സരത്തിൽ താരത്തിന്റെ കളി ഒരു ക്രിക്കറ്റ് ആരാധകനും മറക്കാൻ സാധിക്കില്ല. ഓസ്ട്രേലിയ അന്ന് കിരീട പ്രതീക്ഷ ആവോളമുള്ള ടീമായിരുന്നു. ഹെയ്ഡനും ഗിൽക്രിസ്റ്റും അസീമും സൈമൺസും ബ്രെറ്റ് ലീയുമൊക്കെയുള്ള ടീം. അവരെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേയ്ക്ക് ടിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 188 റൺസ് സ്കോർ ചെയ്തിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനുമായിരുന്നു. ഏത് ബൗളറിന്റെയും പേടിസ്വപ്നമായിരുന്നു ഇവർ. ഏത് തീ തുപ്പുന്ന ബോളും അനായാസം അതിർത്തിക്കപ്പുറത്തേയ്ക്ക് പായിക്കുന്ന രണ്ട് ഇടംകയ്യൻ ബാറ്റർമാർ. അവർ രണ്ടുപേരും ചേർന്ന് ഇന്ത്യയുടെ നിരവധി സ്വപ്നങ്ങൾ തല്ലിത്തകർത്തിട്ടുണ്ട്. എന്നാൽ ഇരുവരും ശ്രീശാന്തിന്റെ കരുത്തുറ്റ പന്തുകൾക്ക് മുന്നിൽ തലകുനിച്ചു നിന്നു. ഹെയ്ഡൻ ഒഴിഞ്ഞുമാറിയ ഓരോ ഡോട്ട് ബോളിനും പിന്നാലെ ശ്രീശാന്ത് സ്ലഡ്ജിങ്ങും ആരംഭിച്ചു. സ്ലഡ്ജിങ്ങിന് പേരുകേട്ട ഓസ്ട്രേലിയൻ താരങ്ങൾക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഓരോ പ്രകോപനങ്ങൾക്ക് ശേഷവും രോഷാകുലരായി ഓസ്ട്രേലിയൻ താരങ്ങൾ ബാറ്റ് കയ്യിലേന്തും. എന്നാൽ അപാരവേഗതയിൽ ശ്രീശാന്ത് തൊടുത്തുവിടുന്ന ബോളുകൾക്ക് മുമ്പിൽ അവർ നിസഹായരായി ഒതുങ്ങി നിൽക്കും. ഇതായിരുന്നു ഗ്യാലറി കണ്ടുകൊണ്ടിരുന്നത്. ഓരോ നീക്കവും മുൻകൂട്ടി കണ്ടശേഷം അണുവിട മാറാത്ത ബൗളിങ് ആയിരുന്നു ശ്രീശാന്ത് കാഴ്ചവെച്ചത്. ഒടുവിൽ ശ്രീശാന്തിന്റെ പന്തിൽ ഗിൽക്രിസ്റ്റിന്റെ മിഡിൽ സ്റ്റംപ് നിലംപതിച്ചു. ഗ്യാലറിയിൽ ഇന്ത്യൻ ആരാധകർ ശ്രീശാന്തിനെ പുകഴ്ത്തി. കമൻ്റേറ്റർമാർ അന്നത്തെ ശ്രീയുടെ പ്രകടനത്തേക്കുറിച്ച് പറഞ്ഞത് ലൈനിലും ലെങ്തിലും ബോൾ ചെയ്യുമ്പോൾ ശ്രീശാന്ത് ഒരു ഫൈൻ ബോളറാണ് എന്നാണ്. അത് സത്യവുമായിരുന്നു.
അങ്ങനെ ശ്രീശാന്തിന്റെ ഊഴം കഴിഞ്ഞതോടെ ശ്രീശാന്തിനോടുള്ള രോഷം ഹെയ്ഡൻ പിന്നീട് വന്ന ഇന്ത്യൻ ബൗളർമാരോട് തീർത്തത്. ഇതോടെ ഇന്ത്യയ്ക്ക് ജയിക്കാൻ യുവരാജ്സിങ് പടുത്തുയർത്തിയ സ്കോർ മതിയാതെ വന്നു. ഇന്ത്യൻ താരങ്ങൾ ഒന്നൊന്നായി തകർന്നുകൊണ്ടിരുന്ന മത്സരം ഇന്ത്യയുടെ കയ്യിൽ നിന്നും തെന്നിമാറുന്നത് മനസിലാക്കിയ ക്യാപ്റ്റൻ ധോണി വീണ്ടും ശ്രീശാന്തിനെ കളത്തിലേയ്ക്ക് വിളിച്ചു. 15-ാം ഓവറായിരുന്നു അത് സംഭവിച്ചത്. അങ്ങനെ വീണ്ടും ശ്രീ കളത്തിലിറങ്ങി. അതേ ശൗര്യത്തോടെ, പിന്നീട് അതും സംഭവിച്ചു. ശ്രീശാന്തിന്റെ തീതുപ്പുന്ന പന്ത് ഹെയ്ഡന്റെ സ്റ്റംപ് തകർത്ത് കുതിച്ചു. അന്ന് ശ്രീശാന്തിന്റെ മികവിൽ ഇന്ത്യ 15 റൺസിന്റെ വിജയം ഉറപ്പിച്ചു. നിർണായകമായ രണ്ട് വിക്കറ്റുകൾ നിർണായകമായ രണ്ട് സന്ദർഭങ്ങളിൽ പുറത്തെടുത്ത ശ്രീശാന്തായിരുന്നു അന്നത്തെ താരം.
അവിടംകൊണ്ടും തീർന്നില്ല ശ്രീശാന്തിന്റെ പ്രകടനം. ഫൈനലിൽ പാക്കിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളി. മിസ്ബഹ് ഉൾ ഹക്കിന്റെ ട്രേഡ് മാർക്ക് ഷോട്ട് ശ്രീശാന്ത് തന്റെ ഉള്ളം കയ്യിലൊതുക്കിയ ദിവസം. ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെഴുതിച്ചേർക്കപ്പെട്ട മുഹൂർത്തമായിരുന്നു. ആ പ്രകടനത്തിൽ ഇന്ത്യ നേടിയത് ടി20 ലോകകിരീടമായിരുന്നു. അവിടംകൊണ്ടും തീരുന്നതല്ല ശ്രീശാന്തിന്റെ കരിയറിലെ മികവ്. സൗത്ത് ആഫ്രിക്കൻ ടൂർമെന്റിൽ കാലിസിന് എതിരെ എറിഞ്ഞൊരു ബൗൺസറുണ്ട്. എതിർ വശത്ത് എത്ര വലിയ ബാറ്റ്സ്മാനായാലും നേരിടാൻ സാധിക്കാത്ത തരത്തിലുള്ള ഒരു ബൗൺസർ. അതായിരുന്നു ശ്രീശാന്തെന്ന ക്രിക്കറ്റർ. വിജയത്തിലേയ്ക്കുള്ള പ്രതിബന്ധം തകർത്ത് മുന്നോട്ട് പോകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അതിനായി അദ്ദേഹം സ്ലഡ്ജിങ്ങിനെയും കൂടെക്കൂട്ടിയിരുന്നു.
പൊതുവെ ശാന്തരായിരുന്നു ഇന്ത്യൻ താരങ്ങൾ. എന്നാൽ ശ്രീ ഇതിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു. തന്റെ ആവേശം അടക്കിവെയ്ക്കാതെ പൂർണ്ണമായും പുറത്തുകാട്ടുന്ന സ്വഭാവമായിരുന്നു ശ്രീയുടേത്. എന്നാൽ പിന്നീട് ശ്രീശാന്തിന്റെ ഈ സ്വഭാവം താരത്തെ നിരവധി വിമർശനങ്ങൾക്കും ഇടയാക്കി.
കരിയറിലെ വളർച്ച
വലംകയ്യൻ ഫാസ്റ്റ് ബൗളറായ ശ്രീശാന്ത് 1983 ഫെബ്രുവരി 6-ന് എറണാകുളത്തായിരുന്നു ജനിച്ചത്. വളരെ ചെറുപ്പം മുതൽ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ ശ്രീശാന്ത് ആദ്യം ലെഗ് സ്പിന്നറായിരുന്നു. പിന്നീട് സഹോദരന്റെ നിർദേശപ്രകാരമാണ് ശ്രീ ഫാസ്റ്റ് ബോളറായി ചുവട് മാറുന്നത്. 2002-2003 സീസണിൽ ഗോവയ്ക്കെതിരെ കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയിലായിരുന്നു ശ്രീ തന്റെ അരങ്ങേറ്റം കുറിച്ചത്. അന്ന് 7 കളിയിൽ 22 വിക്കറ്റാണ് താരം നേടിയത്. 2004-ൽ ഹിമാചൽ പ്രദേശിനെതിരെയുള്ള രഞ്ജി ട്രോഫിയിൽ രഞ്ജിയിൽ ഹാട്രിക് നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോർഡ് ശ്രീശാന്ത് തന്റെ പേരിൽ എഴുതിച്ചേർത്തു. പിന്നീട് 2005-ൽ ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ ബി ടീമിൽ ശ്രീയും ഉൾപ്പെട്ടു. ഇതിൽ 7 വിക്കറ്റ് നേടി തിളങ്ങിയതോടെ താരത്തിന് ദേശീയ ടീമിലേയ്ക്കുള്ള ടിക്കറ്റും ലഭിച്ചു.
2005 ഒക്ടോബറിൽ നാഗ്പൂരിൽ ലങ്കയുമായുള്ള ഏകദിനത്തിലായിരുന്നു ദേശീയ ടീമിന് വേണ്ടിയുള്ള താരത്തിന്റെ അരങ്ങേറ്റം. 39 റൺസിന് രണ്ട് വിക്കറ്റാണ് ആ കളിയിൽ ശ്രീ സ്വന്തമാക്കിയത്. 2006-ലെ ഇന്ത്യൻ ടീമിന്റെ പാക്കിസ്ഥാൻ സന്ദർശനത്തിലും ശ്രീശാന്ത് ടീമിന്റെ ഭാഗമായിരുന്നു. അന്ന് അഞ്ചാം ഏകദിനത്തിൽ 58 റൺസിന് നാല് വിക്കറ്റ് നേടാനായി. പിന്നീട് അതേ വർഷം നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലും ശ്രീശാന്ത് മിന്നിത്തിളങ്ങി. 2006-ൽ ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ടീമിന് എതിരെയായിരുന്നു ശ്രീശാന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ശ്രീശാന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം 2006-ലെ സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിലായിരുന്നു. ഏകദിനത്തിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റിൽ വിജയം സമ്മാനിച്ചത് ശ്രീശാന്തായിരുന്നു. രണ്ട് ഇന്നിങ്സിലുമായി 8 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. അന്നത്തെ ടെസ്റ്റിലെ താരവും ശ്രീശാന്തായിരുന്നു. ഈ കാലയളവിൽ ഏകദിനത്തിലും ശ്രീശാന്ത് മിന്നും ഫോമിലായിരുന്നു കളത്തിലിറങ്ങിയത്.
ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് ശ്രീശാന്ത്. ദക്ഷിണാഫ്രിക്കയുമായി നടന്ന ടെസ്റ്റിലാണ് താരം ഈ നേട്ടം കൊയ്തത്. ശ്രീശാന്തിന്റെ 14-ാം ടെസ്റ്റായിരുന്നു അത്. 2009-ൽ ലങ്കയുമായുള്ള ടെസ്റ്റിൽ ശ്രീശാന്ത് വീണ്ടും തന്റെ കരിയർ ഗ്രാഫ് ഉയർത്തി. 6 വിക്കറ്റ് നേടിയ ശ്രീശാന്തായിരുന്നു ആ ടെസ്റ്റിലെ താരം. എന്നാൽ രണ്ട് ലോകകപ്പുകളിൽ മാത്രമാണ് ശ്രീയ്ക്ക് കളിക്കാനായത്. ബംഗ്ലാദേശുമായുള്ള ആദ്യ ഏകദിനത്തിലും ലങ്കയുമായുള്ള കലാശപ്പോരാട്ടത്തിലും. 2011 ലോകകപ്പ് ഫൈനലാണ് താരത്തിന്റെ അവസാനത്തെ ഏകദിനം. അതേ വർഷം ഓഗസ്റ്റിലായിരുന്നു താരത്തിന്റെ അവസാന ടെസ്റ്റും. അങ്ങനെ 27 ടെസ്റ്റും 23 ഏകദിനങ്ങളും 10 ടി20യിലും ശ്രീശാന്ത് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങി.
ഐപിഎൽ വാതുവെപ്പ്
ശ്രീശാന്തിന്റെ കരിയർ തന്നെ മാറ്റിമറിച്ച ആ സംഭവം നടക്കുന്നത് 2013-ലായിരുന്നു. ഐ.പി.എല്ലിലെ വാതുവെപ്പ് വിവാദം. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു ശ്രീശാന്ത്. വാതുവെപ്പ് സംഘത്തിന് വേണ്ടി ശ്രീശാന്ത് ഒത്തുകളിച്ചുവെന്ന കുറ്റം ആരോപിച്ച് താരത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ താരങ്ങളായിരുന്ന അജിത് ചാന്ദില, അങ്കിത് ചൗഹാൻ എന്നിവരെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു. എന്നാൽ ശ്രീശാന്തിനെ മക്കോക്ക ചുമത്തി കൊടും കുറ്റവാളികളെ മാത്രം പാർപ്പിക്കുന്ന തീഹാർ ജയിലിലടയ്ക്കുകയും ചെയ്തു.
ശ്രീശാന്തിന്റെ കരിയറിലെ വലിയൊരു വാഴ്ചയായിരുന്നു അത്. വാതുവെയ്പ്പിൽ ആരോപണ വിധേയരായ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നിവർക്ക് രണ്ട് വർഷം മാത്രം വിലക്കേർപ്പെടുത്തിയ ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. എന്നാൽ പിന്നീട് നീതിപീഠം ശ്രീശാന്തിനെ നിരപരാധിയെന്ന് വിലയിരുത്തി കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്നാൽ അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ കരിയറിലെ നല്ലകാലം കഴിഞ്ഞുപോയിരുന്നു. 36-ാം വയസിൽ കോടതി വെറുതെവിട്ടിട്ടും ഒരു വർഷം കൂടി ബി.സി.സി.ഐ അദ്ദേഹത്തിനെതിരെയുള്ള വിലക്ക് നീട്ടി.
ശ്രീശാന്തിന്റെ തിരിച്ചുവരവ്
ലോകത്തിനും ക്രിക്കറ്റ് ആരാധകർക്കും മുന്നിൽ താൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞതോടെ ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരാൻ തീരുമാനിച്ചു. അങ്ങനെ ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് 2020 സെപ്റ്റംബർ 13-ന് അവസാനിച്ചു. പിന്നീട് തന്റെ ക്രിക്കറ്റിലേയ്ക്കുള്ള മടങ്ങിവരവ് അദ്ദേഹം ആഘോഷമാക്കി. 2021-ലെ സയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്കും വിജയ് ഹസാരെ ട്രോഫിക്കുമുള്ള കേരള ടീമിലേക്ക് ശ്രീശാന്ത് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2022 മാർച്ച് 9-ന് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
ആരാധകർക്ക് ഓർത്തുവെയ്ക്കാൻ ഒരുപാട് സുവർണ്ണ മൂഹൂർത്തങ്ങൾ ക്രിക്കറ്റിൽ നൽകിയ താരമാണ് ശ്രീശാന്ത്. സെമിയിൽ ഓസീസിനെ എറിഞ്ഞുതകർത്ത മാരകമായ സ്പെൽ.. വേൾഡ് കപ്പിൽ മിസ്ബഹിനെ പുറത്താക്കാൻ പന്ത് കയ്യിലൊതുക്കിയ നിമിഷം.. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയത്തിന് കാരണമായ പന്തുകൾ.. ജാക്വസ് കാലിസിനെ പോലും വിറപ്പിച്ച ബൗൺസർ.. ഇങ്ങനെ നീളുന്നു ശ്രീശാന്തിന്റെ സിഗ്നേച്ചർ പ്രകടനങ്ങൾ. ആരാധകർ ഒരിക്കലും മറക്കില്ല ശ്രീ.. നിങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ.