സ്പെയിൽ തൊടുത്തുവിട്ട പന്തുകൾ പാരീസിൽ അയാൾ തടുത്തിട്ടപ്പോൾ കൊച്ചി കിഴക്കമ്പലത്തെ പാറാട്ടു വീട്ടിൽ ആഹ്ലാദാരവം. അത് പാരീസിൽ ഇന്ത്യ വെങ്കലം നേടിയതിൻ്റെ മാത്രമല്ല. ഇന്ത്യൻ ഹോക്കിയുടെ കാവലാൾ പിആർ ശ്രീജേഷ് ഡബിൾ ഒളിമ്പ്യൻ ആയതിൻ്റേത് കൂടിയാണ്. രണ്ടു പതിറ്റാണ്ട് നീളുന്ന പോരാട്ടത്തിന് തിളക്കമാർന്ന പരിസമാപ്തി ലഭ്യമായതിൻ്റെ സന്തോഷം കൂടിയാണ്.
52 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ അടുപ്പിച്ച് രണ്ട് ഒളിമ്പിക്സുകളിൽ വെങ്കലം നേടുന്നത്. ചരിത്രം ശ്രീജേഷിനെ ആദരിക്കുന്ന നിമിഷം. പാരീസ് നേട്ടത്തിന് മുമ്പ് 2020ൽ ടോക്കിയോ സമ്മർ ഒളിമ്പിക്സ് പുരുഷ ഫീൽഡ് ഹോക്കി ടൂർണമെൻ്റിലും ഇന്ത്യൻ ദേശീയ ടീമിൻ്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചിരുന്നു.
അവസാന മത്സരത്തിൽ ഗോൾപോസ്റ്റിൽ നിൽക്കുമ്പോൾ ഹൃദയം അഭിമാനം കൊണ്ട് വീർപ്പുമുട്ടുകമായാണ്. സ്വപ്‌നം കണ്ട ഒരു കുട്ടിയിൽ നിന്ന് രാജ്യത്തിൻ്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന കളിക്കാരനിലേക്കുള്ള യാത്ര സാധാരണമായിരുന്നില്ല എന്നാണ് പാരീസ് മത്സരത്തിന് തൊട്ടുമുമ്പ് ശ്രീജേഷ് പങ്കിട്ട വാക്കുകൾ.
2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും 2016 ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു ശ്രീജേഷ്. . അത്ലറ്റിക് വിഭാഗത്തിൽ ജി.വി.രാജ സ്കൂളിലെത്തിയതാണ് ശ്രീജേഷിൻ്റെ ജീവിതത്തിലെ വഴിത്തിരിവ്. സ്കൂൾ പ്രകടത്തിലെ മികവ് ഹോക്കി ടീമിലേക്കും ദേശീയ ടീമിലേക്കും വാതിൽ തുറന്നു. പ്രകടന മികവ് തുടർന്നതോടെ 2015ൽ അർജുന പുരസ്കാരവും 2017ൽ പത്മശ്രീ നൽകി രാജ്യം ശ്രീജേഷിനെ ആദരിച്ചിരുന്നു.
ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി പേരെഴുതിച്ചേർത്താണ് പിആർ ശ്രീജേഷ് കോട്ടയ്ക്ക് മുന്നിലെ പ്രതിരോധം അവസാനിപ്പിക്കുന്നത്. അഭിനന്ദനങ്ങൾ ശ്രീജേഷ്. ഹോക്കിയെ മലയാളികൾക്ക് സുപരിചിതമാക്കിയതിന്. അതിലുമേറ അഭിമാനകരമായ നേട്ടങ്ങൾ രാജ്യത്തിന് സമ്മാനിച്ചതിന്.