ഇനി മണിക്കൂറുകൾ മാത്രം. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് കൊടിയേറും. പുതിയ സീസണിലെ പ്രീമിയർ മത്സരങ്ങൾക്ക് രാത്രി 12.30-നാണ് കിക്കോഫാകുക. ആദ്യറൗണ്ടിൽ കരുത്തരായ ലിവർപൂളും ചെൽസിയും ഏറ്റുമുട്ടും.
മാഞ്ചെസ്റ്റർ സിറ്റി, ആഴ്സനൽ, മാഞ്ചെസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി, ടോട്ടനം, ന്യൂകാസിൽ യുണൈറ്റഡ് ടീമുകളാണ് കളിയിൽ കിരീടപ്രതീക്ഷ പുലർത്തുന്നത്. ആദ്യ നാല് സ്ഥാനത്തെത്താൻ ടീമുകൾ പൊരിഞ്ഞപോരാട്ടം തന്നെയാകും കാഴ്ചവെക്കുക. പെപ്പ് ഗാർഡിയോളയുടെ തന്ത്രങ്ങളും എർലിങ് ഹാളണ്ട്, കെവിൻ ഡിബ്രുയ്ൻ, ജാക്ക് ഗ്രീലിഷ്, ബെർണാഡോ സിൽവ എന്നിവരുടെ സാന്നിധ്യവും സിറ്റിയെ കിരീടപ്രതീക്ഷയുള്ള ടീമുകളിൽ ഒന്നാമത് എത്തിക്കുന്നുണ്ട്.
എറിക് ടെൻ ഹാഗിന്റെ കീഴിൽ കഴിഞ്ഞസീസണിൽ നടത്തിയ പ്രകടനത്തിന്റെ തുടർച്ചയെന്ന നിലയിലാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് കളിയെ നോക്കിക്കാണുന്നത്. എന്നാൽ കഴിഞ്ഞസീസണിൽ നിറംമങ്ങിയതിന്റെ കേടുതീർക്കാനാണ് ലിവർപൂൾ ഇറങ്ങുന്നത്. മറ്റ് ടീമുകളോട് മത്സരിക്കാൻ ടീമിൽ വമ്പൻ അഴിച്ചുപണി നടത്തിയാണ് ചെൽസിയുടെ വരവ്. 1992-ൽ സ്ഥാപിതമായ പ്രീമിയർ ലീഗിൽ 20 ടീമുകളാണ് ബൂട്ടണിയുക.