കൊളുത്തിവിട്ട റോക്കറ്റിനെ തിരികെപ്പിടിക്കുന്ന സാങ്കേതിക വിദ്യ..ലോകത്ത് ആദ്യമായി ആ ലക്ഷ്യം
കൈവരിച്ചിരിക്കുകയാണ് ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ടീം.വിജയത്തിലെത്തിയത് സ്റ്റാർഷിപ്പിൻ്റെ അഞ്ചാം പരീക്ഷണം.
ആകാശത്തുനിന്ന് സൂപ്പർ ഹെവി ബൂസ്റ്റർ ടെക്സാസിലെ ലോഞ്ച്പാഡിലേക്ക് മടങ്ങിയെത്തിയപ്പോൾ
സ്‌പേസ് എക്‌സിൻ്റെ കൺട്രോൾ റൂമിൽ മുഴങ്ങിയത് മുഴുവൻ ശാസ്ത്ര ലോകത്തിൻ്റേയും ആഹ്ളാദാരവമാണ്. അതെബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്.
പൊട്ടിത്തെറിക്കുകയോ കടലിൽ പതിക്കുകയോ ചെയ്യാതെ ആർക്കും ബഹിരാകാശത്തേക്ക് പോയി വരാവുന്ന പുതിയ യാത്രകളുടെ തുടക്കം. ഇലോൺ മസ്കിൻ്റെ കമ്പനിക്ക് മാത്രമല്ല, ബഹിരാകാശ പര്യവേക്ഷണ മേഖലയ്ക്കും ഇതൊരു ചുവടുവെയ്പ്പാണ്. ബൂസ്റ്റർ പിടിച്ചെടുക്കാനും അത് വീണ്ടും ഉപയോഗിക്കാനും കഴിയുന്നതോടെ ഭാവിയിലെ ബഹിരാകാശ യാത്രകളുടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് നിഗമനം.
റോക്കറ്റ് തിരിച്ചിറക്കുന്നതിൻ്റെ വീഡിയോ ഇലോൺ മസ്‌ക് എക്‌സിൽ പങ്കുവയ്‌ക്കുകയും ചെയ്തു. വിക്ഷേപിച്ച് ഏഴ് മിനുട്ടുകൾക്ക് ശേഷമാണ് റോക്കറ്റ് ലോഞ്ച്‌പാഡിലേക്ക് തിരിച്ചെത്തിയത്. 121 മീറ്റർ ഉയരവും 100 മുതൽ 150 ടൺ വരെ ഭാരവുമാണ് ബുസ്റ്ററിനുള്ളത്. സൂചി കോര്‍ക്കും പോലെ സൂക്ഷ്‌മമായ ദൗത്യമായിരുന്നെന്ന് ഇലോണ്‍ മസ്ക് വിശദീകരിച്ചു.
സാധരാണയായി സമുദ്രത്തിലാണ് ബൂസ്റ്റർ ലാൻഡ് ചെയ്യുന്നത്.എന്നാൽ സ്‌പേസ് എക്‌സിന് 17,000 mph (27,350 km/h) അധിക വേഗതയിൽ നിന്ന് ബൂസ്റ്ററിനെ സാവധാനത്തിലാക്കാനും നിയന്ത്രണവിധേയമായി ലോഞ്ചറിൽ തിരികെയിറക്കാനും സാധിക്കുകയായിരുന്നു. വിക്ഷേപണത്തറയില്‍ ഘടിപ്പിച്ച വലിയ ടവറിലെ യന്ത്രക്കൈകളായ മെക്കാസില്ല ഉപയോഗിച്ചാണ് റോക്കറ്റ് പിടിച്ചെടുത്തത്.