ഹിംസയെ അഹിംസ കൊണ്ട് നേരിട്ട മഹാത്മാവിന്റെ സ്മരണയിൽ രാജ്യം

Date:

Share post:

ജനുവരി 30, മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. ചിതറിക്കിടന്നിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന സ്വപ്നത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റിയ എളിയ മനുഷ്യൻ. മഹാത്മാഗാന്ധിജിയുടെ സമരവീര്യത്തിലൂടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി ഇന്ത്യ സ്വാതന്ത്ര്യമെന്ന പ്രാണവായൂ സ്വായത്തമാക്കിയത്.

ഹിംസയെ അഹിംസയുടെ തെളിനാളം കൊണ്ട് ജയിക്കാമെന്ന സമരായുധം പ്രാവർത്തികമാക്കിയപ്പോൾ ലോകം ഗാന്ധിജിയെന്ന നേതാവിന്റെ ഹൃദയശക്തികൂടിയാണ് തിരിച്ചറിഞ്ഞത്. സത്യത്തിന്റെ വഴിയിൽ ആ മഹാത്മാവ് ശത്രുവായി ആരെയും കണ്ടില്ല. എന്നിട്ടും മഹാത്മജിയുടെ നെഞ്ചിലേക്ക് നാഥൂറാം വിനായക് ഗോഡ്‌സെയുടെ നിറതോക്ക് തീ തുപ്പിയപ്പോൾ രാജ്യമൊന്നു തേങ്ങി! മഹാത്മാ ഗാന്ധി എന്ന മനുഷ്യൻ കേവലം ഒരു വ്യക്തിയല്ല, ഭാരതമെന്ന മഹാരാജ്യത്തിന്‍റെ വികാരം തന്നെയാണ്. എങ്കിലും 1948 ജനുവരി 30ന് രാജ്യത്തിനായി ജീവൻ വെടിഞ്ഞ ആ മഹാത്മാവിന്‍റെ ആഗ്രഹത്തിനൊത്ത് ഉയരാൻ ഇന്നും നമ്മുടെ രാജ്യത്തിനായിട്ടുണ്ടോ എന്ന് ഓരോ ഇന്ത്യക്കാരനും ആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു.

ലോകസമാധാനത്തിനായി മഹാത്മാഗാന്ധി കാണിച്ചുതന്ന പാത ഇന്നും പ്രസക്തമാണ്. സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനും സത്യത്തിനുവേണ്ടി പോരാടാനും ബാപ്പു രാജ്യത്തെ മുഴുവൻ പഠിപ്പിച്ചു. തദ്ദേശീയതയുടെയും സ്വാശ്രയത്വത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് രാജ്യത്തെ സ്വാശ്രയമാക്കാൻ പ്രചോദിപ്പിച്ച മഹാത്മാഗാന്ധിജിയെ അനുസ്മരിക്കുകയാണ് ഈ ദിനത്തിലൂടെ.

രാജ്യം മറക്കാത്ത ആ ജനുവരി 30 ഒന്നു തിരിഞ്ഞുനോക്കാം

ഡല്‍ഹിയിലെ ബിര്‍ലാ ഹൗസില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കിടെയാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്. 1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിജിക്ക് നേരെ വധശ്രമങ്ങള്‍ ഉണ്ടായത്. പതിവായി വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനായോഗം വല്ലഭായ് പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താല്‍ അന്ന് വൈകുകയായിരുന്നു. അഞ്ച് മണി കഴിഞ്ഞ് 10 മിനിട്ട് ആയപ്പോഴാണ് അദ്ദേഹത്തിന്‍റെ അനുയായികളായ മനുവും ആഭയും സമയത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ഉടനെ തന്നെ പ്രാര്‍ത്ഥനയ്ക്കായി ഗാന്ധിജി പുറപ്പെട്ടു.

ജനങ്ങള്‍ കാത്തിരുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുവാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഗോഡ്‌സെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബെരേറ്റ പിസ്റ്റള്‍ ഇരുകൈകള്‍ക്കുമുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചുകൊണ്ട് കുനിഞ്ഞു. ഗാന്ധിജിയുടെ പാദം ചുംബിക്കാന്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സെയെ വിലക്കി.എന്നാല്‍, ഇടതു കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്‌സെ മൂന്ന് തവണ വെടിയുതര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ മൂന്ന് വെടിയുണ്ടകളും തുളച്ചുകയറി. ഗാന്ധിജിയുടെ ജീവന്‍ അപഹരിച്ച നാഥുറാം ഗോഡ്‌സെയെ ബിര്‍ല ഹൗസിലെ പൂന്തോട്ട കാവല്‍ക്കാരനായിരുന്ന രഘു നായക് പിന്തുടര്‍ന്ന് കീഴടക്കി.

ഡല്‍ഹിയിലെ തുഗ്ലക് റോഡ് പൊലീസ് സ്‌റ്റേഷനില്‍ തയ്യാറാക്കിയ എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തില്‍ ഗോഡ്‌സെയെ അറസ്റ്റുചെയ്തു. 1948 മേയ് 27 ന് വിചാരണ ആരംഭിക്കുകയും 1949 ഫെബ്രുവരി പത്തിന് അവസാനിക്കുകയും ചെയ്തു. ഈ വിചാരണ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഗോഡ്‌സെയെയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന നാരായണ്‍ ആപ്‌തെയെയും വധശിക്ഷയ്ക്ക് വിധിച്ചു. പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും തള്ളപ്പെട്ടു. 1949 നവംബര്‍ 15 ന് ഗോഡ്‌സെയെയും അപ്‌തെയെയും പഞ്ചാബിലെ അംബാല ജയിലില്‍ തൂക്കിലേറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...